കേന്ദ്ര ക്യാബിനറ്റിന്റെ അന്തിമ അനുമതി കൂടി ലഭിച്ചാൽ കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ വികസന പ്രവൃത്തികൾ ആരംഭിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ മുഹമ്മദ് ആരിഫ് അറിയിച്ചു. നിലവിൽ സമർപ്പിച്ചിരിക്കുന്ന 2,132 കോടി രൂപയുടെ മാസ്റ്റർ പ്ലാനിനു നിതി ആയോഗിന്റെ അനുമതി ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
420 ഏക്കറിൽ പ്രവർത്തിച്ചുവരുന്ന വിമാനത്താവളത്തിന്റെ വികസനത്തിനായി 627 ഏക്കർ ഭൂമി ഇതിനോടകം തന്നെ പൂർണമായി ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എഎഐ) കൈമാറിയിട്ടുണ്ട്. വിപുലീകരണം പൂർത്തിയായാൽ രാജ്യാന്തര വിമാനത്താവളം 1,047 ഏക്കറിലാണു പ്രവർത്തിക്കുക.
ആഭ്യന്തര സുരക്ഷാ പരിശോധനാ വിഭാഗത്തിലെ (എസ്എച്ച്എ) തൂണുകൾ നിർമിക്കുന്നത് ഉൾപ്പെടെയുള്ള വിപുലീകരണ ജോലികൾ ഈ വർഷാവസാനത്തോടെ പൂർത്തിയാകും. വിമാനത്താവളം 24 മണിക്കൂറും സജീവമായി പ്രവർത്തിക്കുന്നതുകൊണ്ട് ആണു നിർമാണപ്രവൃത്തികൾ സമയബന്ധിതമായി തീർക്കുന്നതു പ്രയാസം ആയിരിക്കുന്നത്.
ഇവ പൂർത്തിയാകുന്നതോടെ യാത്രക്കാർക്കു വിമാനത്താവളത്തിനുള്ളിൽ 1000 ചതുരശ്ര മീറ്റർ അധിക സ്ഥലം കൂടി ലഭ്യമാകും. ഇതു തിരക്കു കുറയ്ക്കുന്നതിനുള്ള താൽക്കാലിക ക്രമീകരണമാണ്.
നിലവിൽ കോയമ്പത്തൂർ വിമാനത്താവളത്തിന്റെ വാർഷിക യാത്രാശേഷി 36.3 ലക്ഷം ആണ്. ഇപ്പോൾ തന്നെ പ്രതിവർഷം 35 ലക്ഷത്തോളം യാത്രക്കാർ ഈ വിമാനത്താവളത്തെ ആശ്രയിക്കുന്നുണ്ട്.
വരും വർഷങ്ങളിൽ യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നതിനാൽ ഈ ക്രമീകരണം അടുത്ത 3 വർഷത്തേക്കു തിരക്ക് നിയന്ത്രിക്കാൻ സഹായകരമാകും. പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന നിലയിൽ പ്രതിവർഷം 1.2 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള പുതിയ ടെർമിനൽ കെട്ടിടമാണു വിഭാവനം ചെയ്യുന്നത്.
നിലവിലുള്ള ടെർമിനലിന്റെ വിസ്തീർണം 18,000 ചതുരശ്ര മീറ്റർ മാത്രമാണെങ്കിൽ പുതിയ ടെർമിനൽ 75,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ആയിരിക്കും നിർമിക്കുക. ഇതോടെ തിരക്കേറിയ സമയങ്ങളിലെ (പീക്ക് അവർ) യാത്രാ ശേഷി 1,770ൽ നിന്ന് 4,200 ആയി ഉയരും.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടപ്പാക്കുന്ന ഈ മെഗാ പ്രോജക്ടിനായി പരിസ്ഥിതി മന്ത്രാലയത്തിന്റെ (എസ്ഇഐഎഎ) ആദ്യഘട്ട അനുമതികൾ ലഭിച്ചതായും ഡയറക്ടർ വ്യക്തമാക്കി.
യാത്രക്കാർക്കു മികച്ച സേവനം ഒരുക്കുന്നതു ലക്ഷ്യമിട്ട് ഒക്ടോബർ 10 വരെ യാത്രി സേവ അഭിയാൻ ക്യാംപിനും വിമാനത്താവളത്തിൽ തുടക്കമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

