ജപ്പാനിലെ ഐചി നഗോയ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സ്ക്വാഡില്‍ സിനിമാ ലോകവുമായി ബന്ധമുള്ള ഒരു കായിക താരമുണ്ട്. സിനിമാ ലോകത്ത് മാഡി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന പത്മശ്രീ ജേതാവ് ആര് മാധവന്റെ മകന് വേദാന്ത് മാധവനാണ് ആ താരം.
ഏഷ്യാഡിനുള്ള ഇന്ത്യയുടെ നീന്തല്‍ സ്ക്വാഡിലെ അംഗമാണ് 21 കാരനായ വേദാന്ത്. ഏഷ്യന്‍ ഗെയിംസ് നീന്തലില്‍ മൂന്ന് ഇനങ്ങളിലാണ് വേദാന്ത് മത്സരിക്കുന്നത്.
200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 200 മീറ്റര്‍ ബാക്സ്ട്രോക്ക്, 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ എന്നിവയാണ് വേദാന്തിന്റെ മത്സര ഇനങ്ങള്‍. കരിയറിന്റെ തുടക്കം മുതലേ വേദാന്ത് ശ്രദ്ധ നല്‍കിയിരുന്നത് ദീർഘദൂര മത്സരങ്ങള്‍ക്കായിരുന്നു.
എന്നാല്‍, പതിവിന് വിപരീതമായി കൂടുതല്‍ വേഗത ആവശ്യമുള്ള ഷോര്‍ട്ട് റേസുകളില്‍ മത്സരിക്കേണ്ടി വരുന്നതാണ് വേദാന്ത് നേരിടുന്ന പ്രധാന വെല്ലുവിളി. ഒളിമ്പ്യന്‍ താരങ്ങളായ ശ്രീഹരി നടരാജ്, സജന് പ്രകാശ് എന്നിവരുള്‍പ്പെടുന്ന നീന്തല്‍ സ്ക്വാഡില്‍ അംഗമായ വേദാന്ത് ഏത് വെല്ലുവിളിയും ഏറ്റെടുക്കാനുള്ള മാനസികാവസ്ഥയിലാണ്.
അതിനൊരു കാരണം, നീന്തല്‍ താരമായി മാറാനുള്ള തീരുമാനം മാതാപിതാക്കളുടെയോ മറ്റാരുടേതുമല്ലായിരുന്നു. അത് വേദാന്തിന്റെ സ്വന്തം തീരുമാനമായിരുന്നു – രാജ്യത്തിന് വേണ്ടി അന്താരാഷ്ട്ര സര്‍ക്യൂട്ടില്‍ മെഡല്‍ നേടുന്ന ഒരു നീന്തല്‍ താരമായി മാറുക എന്നത്.
സിനിമയിലെ മുന്‍നിര താരത്തിന്റെ മകനായിട്ടും ആ പശ്ചാത്തലത്തിലൊന്നും അഭിരമിക്കാതെ വേദാന്ത് തന്റേതായ ഒരു കരിയർ തിരഞ്ഞെടുക്കുകയായിരുന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ വേദാന്ത് നീന്തല്‍ മത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്നു.
തന്നെക്കാള്‍ പ്രായം കൂടിയവരോട് മത്സരിച്ച് ജയിക്കാന്‍ കഴിഞ്ഞതോടെ വേദാന്തിന്റെ ആത്മവിശ്വാസം വര്‍ധിച്ചു. നീന്തല്‍ ഒരു കരിയറായി തിരഞ്ഞെടുത്ത വേദാന്തിന് മാധവനും ഭാര്യ സരിതയും പൂര്‍ണ പിന്തുണ നല്‍കുകയായിരുന്നു.
സിനിമകളില്‍ നിന്ന് അവധിയെടുത്ത് മകനൊപ്പം നില്ക്കുന്ന നടന് മാധവന് കഠിനമായ അച്ചടക്കമാണ് തന്റെ മകനില്‍ ദര്‍ശിച്ച ഏറ്റവും വലിയ ഗുണമായി ചൂണ്ടിക്കാണിക്കുന്നത്. പുലര്‍ച്ചെ നാല് മണിക്ക് ആരംഭിക്കുന്ന കഠിനമായ പരിശീലനം, ചിട്ടയോടെയുള്ള ഭക്ഷണക്രമം, അനാവശ്യ കൂട്ടുകെട്ടുകളില്ലാത്തത്, രാത്രി വൈകിയുള്ള വിനോദങ്ങളില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍ എന്നിവയെല്ലാം വേദാന്ത് സ്വയം തെരഞ്ഞെടുത്ത വഴികളാണ്.
മകന് ഇഷ്ടപ്പെട്ട് തെരഞ്ഞെടുത്ത കരിയറിന് എല്ലാ വിധ പിന്തുണയും നല്കാന് മാധവന് തയ്യാറായി. കോവിഡ് കാലത്തായിരുന്നു വേദാന്തിന്റെ കരിയറിലെ ഏറെ നിര്‍ണായകമായ തീരുമാനം മാതാപിതാക്കള്‍ സ്വീകരിച്ചത്.
മഹാമാരിയുടെ സമയത്ത് ഇന്ത്യയിലെ നീന്തല്‍ കുളങ്ങളെല്ലാം അടച്ചിട്ടത് വേദാന്തിന്റെ പരിശീലനം മുടക്കി. മകന് സ്വപ്നം കാണുന്ന അന്താരാഷ്ട്ര കരിയറിനെ ഇത് ബാധിക്കുമെന്ന് മനസിലാക്കിയ മാധവന് മുംബൈയില്‍ നിന്ന് ദുബൈയിലേക്ക് താമസം മാറാന്‍ തീരുമാനിക്കുകയായിരുന്നു.
ജൂണില്‍ നടന്ന ദേശീയ ചാമ്പ്യൻഷിപ്പില്‍ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ചാണ് വേദാന്ത് ഇന്ത്യന്‍ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. ദീർഘദൂര മത്സരങ്ങളില്‍ നിന്ന് സ്പ്രിന്റ് ഇനങ്ങളിലേക്കുള്ള മാറ്റം ഉൾക്കൊള്ളാൻ വെയ്റ്റി ട്രെയ്നിംഗ്, കാലുകളുടെ മസില് സ്ട്രെംക്തനിംഗ്, കര്‍ശനമായ ഡയറ്റ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം.
ഇന്ത്യക്കാരുടെ ജനിതക ഘടനയെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ വേദാന്ത് സംസാരിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. ജനിതകപരമായി വളരെ മികച്ചവരാണ് ഇന്ത്യക്കാര്‍, അതുകൊണ്ടു തന്നെ മികച്ച കഴിവുകള്‍ പുറത്തെടുക്കാൻ കൃത്യമായ ഭക്ഷണക്രമവും അച്ചടക്കവും ഉണ്ടായാൽ മതിയെന്നാണ് വേദാന്തിന്റെ നിരീക്ഷണം.
കായിക മേഖലയിൽ മാത്രമല്ല മറ്റേത് മേഖലയിലും ഇന്ത്യക്കാരെ പിറകോട്ട് വലിക്കുന്നത് തെറ്റായ ഭക്ഷണ രീതിയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

