ദഹനപ്രശ്നങ്ങളും ഗ്യാസ് ട്രബിളും അനുഭവിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഇവ സാധാരണയായി വയറുവേദനയ്ക്കും മറ്റ് അസ്വസ്ഥതകള്‍ക്കും കാരണമാകാറുണ്ടെങ്കിലും, എല്ലാ വയറുവേദനയും ഗ്യാസ് പ്രശ്നങ്ങളാണെന്ന് കരുതി അവഗണിക്കുന്നത് ഗുരുതരമായ ആരോഗ്യ അപകടങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
ഇറിറ്റബിള്‍ ബൗവല്‍ സിന്‍ഡ്രോം (IBS), ഡിസ്പെപ്സിയ, ചെറുകുടലിലെ ബാക്ടീരിയകളുടെ അമിതവളര്‍ച്ച (SIBO), മലബന്ധം, സീലിയാക് ഡിസീസ്, അപ്പെന്‍ഡിസൈറ്റിസ്, കുടലിലെ തടസ്സങ്ങള്‍, ഡൈവെര്ട്ടിക്യുലൈറ്റിസ്, പിത്തസഞ്ചിയിലെ കല്ലുകള്‍, പാന്‍ക്രിയാറ്റൈറ്റിസ് തുടങ്ങിയ വിവിധ രോഗാവസ്ഥകളുടെ ലക്ഷണമായും ഇടയ്ക്കിടെയുള്ള വയറുവേദന അനുഭവപ്പെടാം. അതിനാല്‍ വയറുവേദനയെ എപ്പോഴാണ് ഗൗരവപൂര്‍വം കാണേണ്ടതെന്ന് തിരിച്ചറിയേണ്ടതുണ്ട്.
ഗ്യാസ് ട്രബിളിന്റെ പ്രധാന ലക്ഷണങ്ങള്‍ ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് ജനറല്‍ പ്രാക്ടീസ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ഗ്യാസ് ട്രബിളിന്റെ ലക്ഷണങ്ങളായി താഴെപ്പറയുന്നവയെ കണക്കാക്കാം.
* ഏമ്പക്കം
* ഗ്യാസ് പുറത്തേക്ക് വിടാന്‍ തോന്നുന്നത് പോലെ അനുഭവപ്പെടുക
* കുറച്ച് നേരത്തേക്ക് മാത്രമുള്ള വയറുവേദന
* അടിവയര്‍ വീര്‍ത്ത് നിറഞ്ഞത് പോലെ തോന്നുക
* ചിലപ്പോള്‍ നെഞ്ചെരിച്ചിലോ ഓക്കാനിക്കാന് തോന്നുകയോ ചെയ്യുക
സാധാരണയായി ഗ്യാസ് ട്രബിള്‍ മൂലമുണ്ടാകുന്ന വേദന, ഗ്യാസ് പുറത്തേക്ക് പോകുമ്പോഴോ മലവിസര്‍ജനം നടത്തിക്കഴിയുമ്പോഴോ കുറയുകയോ പൂര്‍ണമായി ഭേദമാവുകയോ ചെയ്തതായി അനുഭവപ്പെടും. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണുക
താഴെ പറയുന്ന ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ യാതൊരു കാരണവശാലും അവഗണിക്കാതെ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
* അസഹനീയമായ വയറുവേദന
* വേദന മണിക്കൂറുകളോളമോ ഒരു ദിവസത്തിലേറെയോ നീണ്ടുനില്‍ക്കുക
* വയറുവേദനയ്ക്കൊപ്പം പനി ഉണ്ടാകുക
* വല്ലാത്ത ഛര്‍ദില്‍ അനുഭവപ്പെടുക
* തലകറക്കം, ബോധക്ഷയം എന്നിവ തോന്നുക
* വയറുവേദനയ്ക്കൊപ്പം കഠിനമായ നെഞ്ചുവേദന അനുഭവപ്പെടുക
* വയറില്‍ തൊടുമ്പോള്‍ കഠിനമായ വേദന ഉണ്ടാകുക
* ഛര്‍ദിയില്‍ രക്തം കാണപ്പെടുക
* ശരീര ചര്‍മത്തിലുള്ള നിറംമാറ്റം
* പെട്ടെന്ന് തീവ്രമായി തുടങ്ങുകയും ശക്തമായി നിലനില്ക്കുകയും ചെയ്യുന്ന വേദന
* ശരീരം വിറയ്ക്കുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

