ഇതര സംസ്ഥാനത്തുനിന്ന് വിദേശത്തേക്ക് അയക്കുന്ന കണ്ടെയ്നർ ആദ്യമായി കോട്ടയം പോർട്ടിൽ നിന്ന് വിഴിഞ്ഞത്തേക്ക് അയച്ചു. ശിവകാശിയിൽ നിന്ന് സ്പെയിനിലെ ബാർസിലോനയിലേക്ക് അയക്കാനുള്ള ഡയറികളാണ് കഴിഞ്ഞദിവസം കോട്ടയം പോർട്ടിലൂടെ ക്ലിയറൻസ് നടത്തി വിഴിഞ്ഞത്തേക്ക് അയച്ചത്.
പുലർച്ചെ 2 മണിക്ക് പുറപ്പെട്ട കണ്ടെയ്നർ രാവിലെ 6 മണിയോടെ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചേർന്നു.
കൂടുതൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുകൾ വിഴിഞ്ഞം വഴി കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പോർട്ട് അധികൃതർക്ക് നിരവധി അന്വേഷണങ്ങൾ ലഭിച്ചുവരികയാണ്. ഇത് മേഖലയിൽ തൊഴിൽ സാധ്യതകൾ വർധിപ്പിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.
കഴിഞ്ഞദിവസം രണ്ട് കണ്ടെയ്നർ ചരക്കുകൾ കൈകാര്യം ചെയ്തപ്പോൾ തന്നെ പതിനഞ്ചോളം പേർക്ക് എട്ടു മണിക്കൂർ തൊഴിൽ ലഭിച്ചു. കോട്ടയം പോർട്ട് വഴി ക്ലിയറൻസ് നടത്തിയതോടെ തങ്ങളുടെ കയറ്റുമതിയിൽ ഒരു മാസത്തെ സമയലാഭം ലഭിച്ചതായി മഹാരാഷ്ട്ര ആസ്ഥാനമായുള്ള കയറ്റുമതി സ്ഥാപനം വ്യക്തമാക്കി.
കഴിഞ്ഞ ഓഗസ്റ്റിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ വിഴിഞ്ഞം തുറമുഖത്ത് കാർഗോ ഗേറ്റ് (എക്സിം) ഉദ്ഘാടനം ചെയ്തതോടെ കോട്ടയം പോർട്ടിന്റെ പ്രവർത്തന സാധ്യതകൾ വലിയ തോതിൽ വർധിച്ചിരിക്കുകയാണ്. ചരക്ക് ഇറക്കുമതിയിൽ നിർണായകമായ ട്രാൻസ്ഷിപ്മെന്റ് ബോണ്ടിൽ കോട്ടയം തുറമുഖവും കസ്റ്റംസ് ഡിപ്പാർട്മെന്റും ഒപ്പുവെച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ഒപ്പുവെച്ച 100 കോടി രൂപയുടെ കരാർ പ്രകാരം, കോട്ടയം വഴി അതിവേഗം ക്ലിയറൻസ് നടത്തി വിഴിഞ്ഞം തുറമുഖത്ത് നിന്ന് ചരക്ക് ഇറക്കാനുള്ള സൗകര്യം ലഭ്യമാകും. കോട്ടയം പോർട്ടിലെ മികച്ച സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിലൂടെ കമ്പനികൾക്ക് വലിയ തോതിൽ സമയലാഭം നേടാനാകും.
നിലവിൽ മറ്റ് മാർഗങ്ങളിലൂടെ വിഴിഞ്ഞത്തുനിന്ന് ചരക്കുകൾ ക്ലിയറൻസ് നടത്താൻ ആഴ്ചകളോളം സമയം ആവശ്യമാണ്. ഇത് സ്ഥാപനങ്ങൾക്ക് സമയനഷ്ടവും സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

