തൃപ്പൂണിത്തുറ അത്തം ഘോഷയാത്രയിൽ ജനങ്ങളുടെ വലിയ ശ്രദ്ധ നേടിയ ഒന്നായിരുന്നു ‘പാഞ്ചാലി വസ്ത്രാക്ഷേപം’ എന്ന നിശ്ചലദൃശ്യം. ആകാശത്ത് യാതൊരുവിധ താങ്ങുകളുമില്ലാതെ അന്തരീക്ഷത്തിൽ ഉയർന്നുനിൽക്കുന്ന കൃഷ്ണന്റെ രൂപം കാണികളിൽ വലിയ അത്ഭുതവും കൗതുകവുമാണ് സൃഷ്ടിച്ചത്.
ഐരേറ്റിൽ ബ്രദേഴ്സിന്റെ ഈ മനോഹരമായ നിശ്ചലദൃശ്യത്തിനായിരുന്നു ഇത്തവണത്തെ ഒന്നാം സമ്മാനം ലഭിച്ചത്. ഈ വിസ്മയക്കാഴ്ചയ്ക്ക് പിന്നിലെ രഹസ്യവും നിർമാണ രീതിയും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് വെൽഡിങ് വർക്ക്ഷോപ്പ് ഉടമയായ ദിനേശ് കുമാർ.
ആളുകളെ അമ്പരപ്പിച്ച ഈ ആകാശക്കാഴ്ചയ്ക്ക് പിന്നിൽ കൃത്യമായ പ്ലാനിങ്ങും കനത്ത സുരക്ഷാ സജ്ജീകരണങ്ങളും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ലോറിയുടെ പ്ലാറ്റ്ഫോമിൽ നിന്ന് ആദ്യം 3 ഇഞ്ച് വീതിയും 1.5 ഇഞ്ച് കനവുമുള്ള 2 ഇരുമ്പ് ട്യൂബുകൾ മുകളിലേക്ക് ഉയർത്തി വെൽഡ് ചെയ്തു ചെയ്യുകയാണ് ഉണ്ടായത്.
ഇവിടെ നിന്നു കൈയുടെ ആകൃതിയിൽ കമ്പി വളച്ചെടുത്തു. ഷോൾഡറിന്റെ ഭാഗത്തു നിന്നു താഴേക്ക് കാലുകൾ വരെ ഒരിഞ്ചിന്റെ 2 സ്ക്വയർ ട്യൂബുകൾ വീണ്ടും വെൽഡ് ചെയ്ത് ബന്ധിപ്പിച്ചു.
ഒരു വ്യക്തിക്കു തുണി തയ്ക്കാൻ അളവെടുക്കുന്നത് പോലെ കൃഷ്ണനായി വേഷമിട്ട നിഖിൽ സത്യൻ എന്ന കലാകാരനെ നിർത്തി കൃത്യമായി അളവെടുത്താണ് പ്ലേറ്റ് കട്ട് ചെയ്ത് വെൽഡിങ് പൂർത്തിയാക്കിയത്.
ഇരുമ്പ് നിർമിതികൾ മുഴുവനായി സാരിയും മറ്റ് വസ്ത്രങ്ങളും ഉപയോഗിച്ച് മറച്ചതോടെ വായുവിൽ നിൽക്കുന്ന കൃഷ്ണൻ മാത്രമായി കാഴ്ചക്കാരുടെ കണ്ണിൽ പതിഞ്ഞു. 60 കിലോഗ്രാം മാത്രം ഭാരമുള്ള നിഖിലിനെ വായുവിൽ നിർത്തുന്നതിന് മുൻപ് കർശനമായ സുരക്ഷാ പരിശോധനകളും നടത്തിയിരുന്നു.
ഒന്നിലധികം ആളുകൾ ഇതിൽ തൂങ്ങി നോക്കിയും, വാഹനം ഓടിച്ചും നിർത്തിയും കുലുക്കം പരിശോധിച്ചും ഇത് പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കലാകാരനെ ഇതിലേക്ക് കയറ്റിയത്. മുൻപും സമാന രീതിയിൽ അമ്പരപ്പിക്കുന്ന നിശ്ചലദൃശ്യങ്ങൾ ഈ സംഘം നിർമിച്ചിട്ടുണ്ട്.
കണ്ണൻ പണ്ടാത്തിൽ, സിബിൽ ജോബ്, ആർ. ശബരിനാഥ്, സുദേവ് വി.
അനിൽകുമാർ, കെ.എസ്. പ്രണവ് തുടങ്ങിയവരാണ് ഈ നിശ്ചലദൃശ്യത്തിൽ അഭിനയിച്ചത്.
കൂടാതെ ടി. അരുൺ, അജയ് കൃഷ്ണൻ, അശ്വൻ ഭാസി, സിൽബിൻ ജോബ്, അജയ് രഘു, യദു ജയപ്രകാശ്, ഗൗതം കൃഷ്ണ, ബാബു പുളിമൂട്ടിൽ തുടങ്ങിയവരായിരുന്നു ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

