തിരുവനന്തപുരം സൗത്ത് തുമ്പയിൽ നിന്നും മീൻപിടിത്തത്തിനായി കടലിൽ പോയ വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. വലിയവേളി അലീന നിവാസിൽ താമസിക്കുന്ന ജോൺ ബോസ്കോ (61) ആണ് മരണപ്പെട്ടത്.
ഇന്ന് വൈകിട്ട് 4.45-ഓടെയായിരുന്നു അപകടം സംഭവിച്ചത്. അജി, തോമസ്, ഔസേപ്പ്, സഞ്ജീവ് എന്നിവർക്കൊപ്പമാണ് ജോൺ ബോസ്കോ മീൻപിടിത്തത്തിനായി കടലിലേക്ക് പോയിരുന്നത്.
ഇതിനിടയിൽ പെട്ടെന്നുണ്ടായ ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മറ്റ് നാല് പേരും നീന്തി രക്ഷപ്പെട്ടെങ്കിലും, ജോൺ ബോസ്കോ തിരയിൽപ്പെട്ട് അവശനാവുകയായിരുന്നു.
തുടർന്ന് ഒപ്പമുണ്ടായിരുന്നവർ ചേർന്ന് അദ്ദേഹത്തെ കരക്കെത്തിക്കുകയും, ഉടൻ തന്നെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല.
വിഴിഞ്ഞം കോസ്റ്റൽ പോലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മീന ആണ് ജോൺ ബോസ്കോയുടെ ഭാര്യ.
ഷിബു, അലീന എന്നിവർ മക്കളാണ്.

