സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് സന്നദ്ധ സംഘടനകൾ നടത്തിവരുന്ന ഭക്ഷണവിതരണം തടയാനുള്ള ആരോഗ്യവകുപ്പിന്റെ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി എ എ റഹീം എംപി രംഗത്തെത്തി. ജനകീയമായ ‘പൊതിച്ചോർ’ പദ്ധതിയെ എതിർക്കുന്നവരുടെ മനോനില പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് ഡിവൈഎഫ്ഐ നടപ്പിലാക്കുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ വിമർശിക്കുന്ന കെ മുരളീധരന്റെ നിലപാടുകൾ ആത്മഹത്യാപരമാണെന്ന് റഹീം കുറ്റപ്പെടുത്തി. പാലിയേറ്റീവ് ഉൾപ്പെടെയുള്ള ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെ തടയാൻ മുരളീധരന് സാധിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.
കെ കരുണാകരന്റെ ചിത്രം പതിച്ച വസതികളിൽ നിന്നും ഇത്തരത്തിൽ ഭക്ഷണവിതരണം നടക്കുന്നുണ്ടെന്ന കാര്യം മുരളീധരൻ ഓർക്കണമെന്നും, ബിജെപി പ്രവർത്തകർ പോലും ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നുണ്ടെന്നും റഹീം ചൂണ്ടിക്കാട്ടി. രാഷ്ട്രീയമോ ജാതിമത ഭേദമോ ഇല്ലാതെ പാവപ്പെട്ടവരുടെ വിശപ്പകറ്റാൻ നടത്തുന്ന പ്രവർത്തനങ്ങളിൽ മണ്ണുവാരി ഇടരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഡിവൈഎഫ്ഐയുടെ കൊടി വെച്ച് ഭക്ഷണം വിതരണം ചെയ്യുന്നത് മാത്രമാണ് മുരളീധരന് പ്രശ്നമായി തോന്നുന്നതെന്നും, സംഘടനയുടെ പ്രവർത്തനങ്ങളെ ഇനിയും തടയാൻ ശ്രമിച്ചാൽ രക്തദാനം ഉൾപ്പെടെയുള്ള സേവനങ്ങൾക്കെതിരെയും ഇവർ തിരിയുമോ എന്നും അദ്ദേഹം പരിഹസിച്ചു. ആക്രി സാധനങ്ങൾ ശേഖരിച്ചും മറ്റും പണം കണ്ടെത്തിയാണ് തങ്ങൾ സേവനം ചെയ്യുന്നതെന്നും, ഇതിനെയും മുരളീധരൻ നിരോധിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.
സൗജന്യ യാത്രകൾ ബ്രാൻഡിങ്ങിനായി ഉപയോഗിക്കുന്നവർ മറ്റുള്ളവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യരുത്. മുസ്ലിം ലീഗിന്റെയും സേവാഭാരതിയുടെയും കൊടികൾ വെച്ച് ഭക്ഷണവിതരണം നടക്കുന്നുണ്ടെന്നും, അത്തരം സാഹചര്യത്തിൽ ഡിവൈഎഫ്ഐ തങ്ങളുടെ ഐഡന്റിറ്റി നിലനിർത്തിക്കൊണ്ടുതന്നെ മുന്നോട്ട് പോകുമെന്നും എ എ റഹീം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

