ഓണം ഉൾപ്പെടെയുള്ള വരാനിരിക്കുന്ന ഉത്സവകാലത്തെ മുന്നിൽക്കണ്ട് ഉൽപാദനം ഊർജിതമാക്കിയ കൺസ്യൂമർ–ഇലക്ട്രോണിക്സ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. പശ്ചിമേഷ്യയിൽ വീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സൈനിക സംഘർഷങ്ങൾ വ്യവസായ രംഗത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇറാൻ–യുഎസ് തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിൽ അസംസ്കൃത എണ്ണവിലയിൽ വർധനവുണ്ടാകുകയും അത് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് വഴിവെക്കുകയും ചെയ്യുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. പെട്രോളിയം അധിഷ്ഠിത പാക്കിങ് വസ്തുക്കളുടെയും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന നിർണായക സ്പെയർപാർട്സുകളുടെയും ലഭ്യതയെയും വിലയെയും ഇത് ഗുരുതരമായി ബാധിക്കും.
ഈ പ്രതിസന്ധിയെ നേരിടാനായി ഭൂരിഭാഗം കമ്പനികളും ചൈനയിൽ നിന്നുള്ള ഇറക്കുമതി വർധിപ്പിക്കുകയും കരുതൽ ശേഖരം 20 ശതമാനം വരെ ഉയർത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഹോർമുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞതോടെ സ്ഥിതി കൂടുതൽ സങ്കീർണ്ണമായി.
അസംസ്കൃത വസ്തുക്കൾക്കായി കൂടുതൽ കപ്പലുകൾ ചൈനീസ് തുറമുഖങ്ങളെ ആശ്രയിക്കാൻ തുടങ്ങിയതോടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതുമൂലം ചരക്കുകളുമായി പുറപ്പെടുന്ന കപ്പലുകളുടെ യാത്രാസമയം ക്രമാതീതമായി നീളുകയാണ്.
സാധാരണയായി ഒരു മാസം കൊണ്ട് ഇന്ത്യയിൽ എത്തേണ്ട ചരക്കുകൾക്ക് ഇപ്പോൾ മൂന്ന് മാസം വരെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം ഉടലെടുത്തിട്ടുണ്ട്.
ഓണം–ദീപാവലി ഉത്സവ സീസണുകളിൽ വിൽപന ലക്ഷ്യമിട്ടിരുന്ന കമ്പനികൾ, അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം മൂലം ഉൽപാദനം നിലയ്ക്കുമോയെന്ന ആശങ്കയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

