കോഴിക്കോട് പാളയം ഭാഗത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് കമ്മീഷണർ എപി ഷൗക്കത്തലി അറിയിച്ചു.
മരണപ്പെട്ട യുവാവിന്റെ ശരീരത്തിൽ നിരവധി മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.
ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടന്നിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, കൃത്യം നിർവഹിക്കാൻ ഉപയോഗിച്ച ആയുധം ഏതാണെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് കമ്മീഷണർ വ്യക്തമാക്കി.
സംഭവത്തിൽ കുടുംബാംഗങ്ങൾ ഉന്നയിച്ച സംശയങ്ങളും പോലീസ് അതീവ ഗൗരവത്തോടെ പരിശോധിക്കുന്നുണ്ട്. നഗരമധ്യത്തിൽ നടന്ന കൊലപാതകം വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്.
പ്രദേശത്ത് ലഹരി ഉപയോഗം ഉൾപ്പെടെയുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ എപി ഷൗക്കത്തലി ചൂണ്ടിക്കാട്ടി. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
പ്രതികളെ കണ്ടെത്താനായി ശാസ്ത്രീയമായ തെളിവ് ശേഖരണവും അന്വേഷണവും പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട
എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.

