മഹാരാഷ്ട്രയിലെ നാസിക്കിൽ പ്രണയപ്പകയെത്തുടർന്ന് യുവതിയെ യുവാവ് കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. നാസിക് ഇന്ദിരാനഗറിലെ വൻസമ്പദ ഗാർഡനു സമീപത്താണ് ദാരുണമായ സംഭവം അരങ്ങേറിയത്.
അമരാവതി സ്വദേശിനിയായ വൈഷ്ണവി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതിയായ യവത്മാൽ സ്വദേശി സാഹിൽ ലവ്ഹാരെ (21) സമീപത്തെ വനമേഖലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
സംഭവം നടക്കുമ്പോൾ വൈഷ്ണവി തന്റെ പ്രതിശ്രുത വരനുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രകോപിതനായ സാഹിൽ തടഞ്ഞുവെച്ചതിനെത്തുടർന്ന്, ‘സാഹിൽ ഇവിടെയുണ്ട്, വേഗം വരൂ’ എന്ന് യുവതി പ്രതിശ്രുത വരനോട് സഹായം അഭ്യർത്ഥിച്ചു.
ഫോൺ കട്ട് ചെയ്യാതെ തന്നെ ജോലിസ്ഥലത്തുനിന്ന് ഇയാൾ സംഭവസ്ഥലത്തേക്ക് കുതിച്ചു. ഇതിനിടെ, ഫോണിലൂടെ 22 മിനിറ്റോളം നീണ്ടുനിന്ന രൂക്ഷമായ തർക്കം പ്രതിശ്രുത വരൻ നേരിട്ട് കേൾക്കുന്നുണ്ടായിരുന്നു.
ക്രൂരമായ കൊലപാതകത്തിന് ശേഷം, ഫോണിലുണ്ടായിരുന്ന പ്രതിശ്രുത വരനെ വിളിച്ച സാഹിൽ, ‘വൈഷു തീർന്നു’ എന്ന് പറയുകയായിരുന്നു. വിവരം ലഭിച്ച ഉടൻ പ്രതിശ്രുത വരൻ സ്ഥലത്തെത്തിയെങ്കിലും വൈഷ്ണവി രക്തത്തിൽ കുളിച്ച നിലയിൽ മരിച്ചുകിടക്കുന്നതാണ് കാണാൻ സാധിച്ചത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തുടർന്ന് പ്രതിക്കായി നടത്തിയ തെരച്ചിലിനൊടുവിൽ, സംഭവസ്ഥലത്തുനിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള കാട്ടിൽ സാഹിലിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.

