സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും നിലനിൽക്കുന്ന പ്രതിസന്ധികളും പരിഹരിക്കുന്നതിനായി കർശന നടപടികളിലേക്ക് കടക്കാൻ ഹൈക്കോടതിയുടെ തീരുമാനം. ആശുപത്രികളിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കോടതി ഉടൻ തന്നെ പൊതു മാർഗനിർദേശം പുറപ്പെടുവിക്കും.
തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം നേരിട്ട് നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് കോടതി നിർണ്ണായകമായ ഈ നീക്കം സ്വീകരിച്ചത്.
ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവർ നേരിട്ടെത്തിയാണ് ആശുപത്രിയിലെ പ്രവർത്തനം വിലയിരുത്തിയത്. കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
ജീവനക്കാരുടെ കുറവ് പ്രധാന പ്രതിസന്ധി
ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാക്കുന്നതിൽ പ്രധാന കാരണം ജീവനക്കാരുടെ കടുത്ത ക്ഷാമമാണെന്ന് വിദഗ്ധസംഘം ചൂണ്ടിക്കാട്ടി. ഇത് നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം വർധിപ്പിക്കുന്നു.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ സംഘം കടുത്ത അതൃപ്തി രേഖപ്പെടുത്തി. തുടരുന്ന അവഗണന
രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനവ് ആശുപത്രികളുടെ ദൈനംദിന നടത്തിപ്പിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ, സുരക്ഷാഭീഷണികൾ, രോഗികളെ പാർപ്പിക്കുന്നതിനുള്ള സ്ഥലപരിമിതി, പഴകിയ ചികിത്സാ ഉപകരണങ്ങൾ എന്നിവ സ്ഥിതി കൂടുതൽ വഷളാക്കുന്നു. ഇത്തരം വിഷയങ്ങൾ പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികൾ ഉണ്ടായിട്ടില്ല.
ഈ സാഹചര്യത്തിലാണ് രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഹൈക്കോടതി നേരിട്ട് ഇടപെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

