ടെഹ്റാൻ: ജോർദാനിൽ പ്രവർത്തിക്കുന്ന യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ അതിശക്തമായ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. സംഭവത്തിന് പിന്നാലെ ഒരു സൈനികനെ കാണാതായിട്ടുണ്ടെന്നും യുഎസ് സെൻട്രൽ കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്ന യുഎസ് സൈന്യവും സഖ്യകക്ഷികളും ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി നടന്ന വ്യോമാക്രമണത്തിൽ പരിക്കേറ്റ നാല് യുഎസ് സൈനികരെ ജോർദാനിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി.
ഇവരുടെ പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. നിസ്സാര പരിക്കേറ്റ മറ്റ് ചില സൈനികർക്ക് സൈനിക താവളത്തിൽ വെച്ച് തന്നെ ചികിത്സ ലഭ്യമാക്കി.
കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങൾ ഔദ്യോഗികമായി ബന്ധുക്കളെ അറിയിച്ചതിന് ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂ എന്ന് യുഎസ് സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഫെബ്രുവരിയിൽ ആരംഭിച്ച സംഘർഷങ്ങളിൽ ഇതുവരെ 16 യുഎസ് സൈനികരാണ് കൊല്ലപ്പെട്ടത്. അതേസമയം, ജൂൺ 27 മുതൽ ജൂലൈ 18 വരെയുള്ള ദിവസങ്ങളിൽ അമേരിക്ക നടത്തിയ തിരിച്ചടിയിൽ തങ്ങളുടെ 50 പൗരന്മാർ കൊല്ലപ്പെടുകയും 500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ആരോഗ്യ മന്ത്രാലയം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ജോർദാനിലെ താവളത്തിന് നേരെ നടത്തിയ ആക്രമണത്തിലൂടെ യുഎസ് യുദ്ധവിമാനങ്ങളും ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകളും തകർത്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെടുന്നുണ്ടെങ്കിലും ഈ വിവരം യുഎസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

