സംസ്ഥാന സർക്കാർ വിരമിച്ച ഉദ്യോഗസ്ഥർക്ക് നൽകിയ പുനർനിയമനങ്ങൾ റദ്ദാക്കുന്നതിന്റെ ഭാഗമായി നടപടികൾ ആരംഭിച്ചു. ഇതിന്റെ പ്രഥമ നടപടിയെന്നോണം അസാപ് (ASAP) സിഎംഡി സ്ഥാനത്ത് നിന്ന് ഉഷ ടൈറ്റസിനെ നീക്കം ചെയ്തുകൊണ്ട് സർക്കാർ ഉത്തരവിറക്കി.
പിണറായി സർക്കാരിന്റെ കാലയളവിൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചതിന് പിന്നാലെ ഉഷ ടൈറ്റസ് ഐഎഎസിനെ അസാപ് സിഎംഡിയായി നിയമിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അധികാരമേറ്റ സമയം മുതൽ വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർനിയമനങ്ങൾ കർശനമായി പരിശോധിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ പുനർനിയമനം ലഭിച്ച മുഴുവൻ ഉദ്യോഗസ്ഥരുടെയും സേവനം പുനഃപരിശോധിക്കാൻ സർക്കാർ തീരുമാനിച്ചു. 2021-ൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് ഉഷ ടൈറ്റസിനെ അസാപ് സിഎംഡിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.
ഇഷ്ടക്കാർക്ക് വേണ്ടിയുള്ള പ്രത്യേക നിയമനമാണിതെന്ന വിമർശനം അന്ന് ശക്തമായിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറിയുടെ എതിർപ്പുകളെ അവഗണിച്ചാണ് നിയമനം നടത്തിയത് എന്നും, ഉഷ ടൈറ്റസിന് വേണ്ടി മാത്രമാണ് അസാപ്പിനെ കമ്പനിയായി മാറ്റിയതെന്നുമുള്ള ആരോപണങ്ങളും ഉയർന്നിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നൈപുണ്യ വികസനം, പരിശീലനം, തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് മാർഗനിർദേശം നൽകുക എന്നീ ലക്ഷ്യങ്ങളോടെ 2012-ലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അസാപ്പ് രൂപീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

