തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ കോൺഗ്രസും ഡിഎംകെയും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ നിലനിൽക്കെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തെത്തി.
തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വിട്ട് കോൺഗ്രസ് ടിവികെയുമായി സഹകരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ ഇരു പാർട്ടികളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു. ഇതിനിടയിലാണ് സ്റ്റാലിന്റെ ആശംസ ശ്രദ്ധേയമാകുന്നത്.
എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് സ്റ്റാലിൻ ആശംസകൾ അറിയിച്ചത്. “ബഹുമാനപ്പെട്ട
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ. നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും നേരുന്നു” എന്ന് അദ്ദേഹം കുറിച്ചു.
സ്റ്റാലിന്റെ ആശംസയ്ക്ക് മറുപടിയായി രാഹുൽ ഗാന്ധിയും എക്സിൽ പ്രതികരിച്ചു. “ഈ ഊഷ്മളമായ ആശംസകൾക്ക് നന്ദി.
ഇന്ത്യയെന്ന ആശയം, നമ്മുടെ ഭരണഘടന, ഫെഡറലിസം എന്നിവ സംരക്ഷിക്കാനുള്ള നമ്മുടെ പങ്കുവെച്ച ദൃഢനിശ്ചയം നമ്മെ തുടർന്നും നയിക്കും. ഇത് നമ്മുടെ ജനാധിപത്യത്തിന്റെ ആത്മാവിനുവേണ്ടിയുള്ള പോരാട്ടമാണ്, നാം വിജയിക്കുന്നതുവരെ ഒന്നിച്ച് ഈ പോരാട്ടം നയിക്കും” എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
സ്റ്റാലിന് പുറമേ, ഡിഎംകെ നേതാവ് കനിമൊഴിയും രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്നു. ഇതിനും രാഹുൽ ഗാന്ധി നന്ദി അറിയിച്ചു.
അതേസമയം, കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വളരെ ചുരുങ്ങിയ വാക്കുകളിൽ മാത്രം സ്റ്റാലിൻ ആശംസകൾ ഒതുക്കിയത് രാഷ്ട്രീയ നിരീക്ഷകർ ശ്രദ്ധിക്കുന്നുണ്ട്. മുൻവർഷങ്ങളിൽ രാഹുൽ ഗാന്ധിയെ തന്റെ ‘ആദർശ സഹോദരൻ’ എന്ന് വിശേഷിപ്പിച്ച് വികാരഭരിതമായ കുറിപ്പുകൾ പങ്കുവെച്ചിരുന്ന സ്റ്റാലിൻ, ഇത്തവണ ഔദ്യോഗികമായ ശൈലിയാണ് പിന്തുടർന്നത്.
കഴിഞ്ഞ വർഷം സ്റ്റാലിൻ പങ്കുവെച്ച സന്ദേശത്തിൽ ഇങ്ങനെയായിരുന്നു: “രക്തബന്ധത്താൽ അല്ല, മറിച്ച് ചിന്തയാലും കാഴ്ചപ്പാടുകളാലും ലക്ഷ്യങ്ങളാലും ബന്ധിക്കപ്പെട്ട എന്റെ ആദർശ സഹോദരൻ രാഹുൽ ഗാന്ധിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
അങ്ങേയ്ക്ക് ദൃഢമായി നിലകൊള്ളാനും ധീരതയോടെ നയിക്കാനും തുടർന്നും സാധിക്കട്ടെ. കൂടുതൽ തിളക്കമാർന്ന ഒരു ഇന്ത്യയിലേക്കുള്ള നമ്മുടെ പ്രയാണത്തിൽ വിജയം നമ്മുടേതായിരിക്കും”.
ജൂൺ 19, 2026-ന് രാഹുൽ ഗാന്ധി പങ്കുവെച്ച മറുപടി കുറിപ്പ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

