പാലോട് മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായിരുന്ന മീൻമുട്ടി ഹൈഡൽ ടൂറിസം കേന്ദ്രം ഇന്ന് ജീവനില്ലാത്ത ഒരു നിർമിതിയായി മാറി. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമിച്ച ഈ കേന്ദ്രം, ഇപ്പോൾ ഒരു ഹൊറർ സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കും വിധം ശോച്യാവസ്ഥയിലാണ്.
നവീകരണ പ്രവർത്തനങ്ങൾക്കായി 2023 ജനുവരിയിൽ അടച്ചുപൂട്ടിയ ടൂറിസം കേന്ദ്രം പിന്നീട് ഒരിക്കലും തുറന്നുപ്രവർത്തിച്ചിട്ടില്ല. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങിയ ബോട്ടുകളും കുട്ടികളുടെ പാർക്ക് ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സൗകര്യങ്ങളും സംരക്ഷിക്കാൻ അധികൃതർ തയാറായിട്ടില്ല.
നിലവിൽ ഈ സംവിധാനങ്ങളെല്ലാം നശിച്ചും കാടുമൂടിയും കിടക്കുകയാണ്. കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള ഈ പദ്ധതി തുടക്കത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്നുവെങ്കിലും കാലക്രമേണ അവഗണനയുടെ പടുകുഴിയിലായി.
2019ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ നവീകരണ പ്രഹസനങ്ങളും ഇവിടെ നടന്നിരുന്നു. മറ്റ് ടൂറിസം കേന്ദ്രങ്ങളിൽ നിന്ന് ബോട്ടുകൾ എത്തിച്ച് മന്ത്രിയെക്കൊണ്ട് ഉദ്ഘാടനം നടത്തിയെങ്കിലും, അതിന് അധികം ആയുസ്സുണ്ടായില്ല.
അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് കൊണ്ടുപോയ ബോട്ടുകൾ പിന്നീട് തിരികെ എത്തിയിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡിന്റെ ശോച്യാവസ്ഥയും കടുവപ്പാറ പാലം തകർന്നു കിടന്നതും വിനോദസഞ്ചാരികളുടെ വരവിനെ സാരമായി ബാധിച്ചിരുന്നു.
പ്രദേശത്തിന്റെ വികസനം ലക്ഷ്യമിട്ട് പദ്ധതി ഏറ്റെടുക്കാൻ നന്ദിയോട് പഞ്ചായത്ത് അധികൃതർ പലതവണ താല്പര്യം പ്രകടിപ്പിച്ചിട്ടും കെഎസ്ഇബി വിട്ടുകൊടുക്കാൻ തയാറായിട്ടില്ല. പ്രവർത്തനം നിലച്ച ടൂറിസം കേന്ദ്രത്തിലെ ജീവനക്കാർ ഇപ്പോഴും ശമ്പളം കൈപ്പറ്റുന്നതായി ആക്ഷേപമുണ്ട്.
കോടികളുടെ പൊതുമുതൽ നശിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും, സർക്കാർ ഇടപെട്ട് പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. മലയോര ടൂറിസം ഹബ് എന്ന നിലയിൽ പാലോട് മേഖലയ്ക്ക് വൻ സാധ്യതകളാണുള്ളത്, എന്നാൽ മീൻമുട്ടിയിലെ ഈ തകർച്ച വികസന സ്വപ്നങ്ങൾക്ക് വലിയ തിരിച്ചടിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

