തിരുവനന്തപുരം വിതുര കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ട് പരിപാലനമില്ലാതെ തകർന്നടിഞ്ഞത് ഉദ്യോഗാർത്ഥികൾക്ക് വലിയ പ്രതിസന്ധിയാകുന്നു. ഉന്നത നിലവാരത്തിൽ ഡ്രൈവിങ് പരിശീലനവും പരീക്ഷയും നടത്താൻ സജ്ജമാക്കിയ ഗ്രൗണ്ട്, അധികൃതരുടെ അനാസ്ഥയെ തുടർന്ന് നിലവിൽ ഉപയോഗശൂന്യമായ അവസ്ഥയിലാണ്.
തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് ഗ്രൗണ്ട് പൂർണമായും ചെളിക്കുളമായി മാറിയിരിക്കുകയാണ്. വലിയ വാഹനങ്ങൾ ടെസ്റ്റ് ചെയ്യാനായി വരുമ്പോൾ ചെളിയിൽ പുതഞ്ഞുപോകുന്ന സ്ഥിതിയാണുള്ളത്.
കെഎസ്ആർടിസിയിലെ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്കുള്ള പരീക്ഷയടക്കം ദിവസേന നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. എന്നാൽ, ഗ്രൗണ്ടിന്റെ ശോചനീയാവസ്ഥ മൂലം ഭൂരിഭാഗം പേരും പരീക്ഷയിൽ പരാജയപ്പെടുകയാണ്.
വാഹനങ്ങൾ ‘H’ എടുക്കുന്നതിനിടയിൽ ടയറുകൾ തെന്നിമാറുന്നതാണ് ഉദ്യോഗാർത്ഥികൾ നേരിടുന്ന പ്രധാന വെല്ലുവിളി. നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം കമ്പികളിൽ ഇടിക്കുന്ന സാഹചര്യമാണുള്ളതെന്ന് നെടുമങ്ങാട് നിന്നെത്തിയ ഉദ്യോഗാർത്ഥികൾ വ്യക്തമാക്കുന്നു.
മുൻ പരിചയമുള്ള ഡ്രൈവർമാർക്ക് പോലും വാഹനം നിയന്ത്രിക്കാൻ കഴിയാത്ത വിധം ഗ്രൗണ്ട് തകർന്നു കഴിഞ്ഞു. പരാജയപ്പെടുന്ന പക്ഷം വീണ്ടും ഫീസടച്ച് ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുന്നത് സാധാരണക്കാരായ ഉദ്യോഗാർത്ഥികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. “ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞിട്ടും ഗതാഗതവകുപ്പ് അധികൃതർ തിരിഞ്ഞുനോക്കുന്നില്ല.
ഉദ്യോഗാർത്ഥികളുടെ അവസരങ്ങൾ മനപ്പൂർവം ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്,” എന്ന് ഉദ്യോഗാർത്ഥികളിൽ ഒരാൾ പ്രതികരിച്ചു. ഗ്രൗണ്ടിലെ വെള്ളക്കെട്ട് ഒഴിവാക്കി അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെയും ഉദ്യോഗാർത്ഥികളുടെയും ആവശ്യം.
കൂടാതെ, ഗ്രൗണ്ടിന്റെ ദയനീയാവസ്ഥ മൂലം പരാജയപ്പെട്ട ഇന്നത്തെ ടെസ്റ്റ് അടിയന്തരമായി റദ്ദാക്കി, മറ്റൊരു സ്ഥലത്ത് പുനഃപരീക്ഷ നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.
എന്നിരുന്നാലും, മോട്ടോർ വാഹന വകുപ്പും കെഎസ്ആർടിസി അധികൃതരും കാര്യക്ഷമമായി ഇടപെടുന്നില്ല എന്ന ആക്ഷേപം ശക്തമായി തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

