ഫിലാഡൽഫിയ വേദിയാകുന്ന ഗ്രൂപ്പ് സി മത്സരത്തിൽ ബ്രസീൽ തങ്ങളുടെ രണ്ടാം അങ്കത്തിന് ഇറങ്ങുന്നു. നാളെ രാവിലെ 6:30-നാണ് ഹെയ്തിക്കെതിരെയുള്ള മത്സരം.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ മൊറോക്കോയ്ക്കെതിരെ സമനിലയിൽ പിരിയേണ്ടി വന്ന ബ്രസീലിന് നോക്ക്ഔട്ട് ഘട്ടത്തിലേക്കുള്ള പ്രവേശനം സുഗമമാക്കാൻ ഈ വിജയം അനിവാര്യമാണ്. മറുഭാഗത്ത്, സ്കോട്ലൻഡിനോട് തോൽവി വഴങ്ങിയ ഹെയ്തിക്കും ഇന്നത്തെ മത്സരം അതിജീവനം ഉറപ്പാക്കാൻ നിർണ്ണായകമാണ്.
ടീമിൽ നിർണ്ണായക മാറ്റങ്ങൾക്ക് പരിശീലകൻ കാർലോ ആൻസലോട്ടി തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. പരിക്കിൽ നിന്ന് മോചിതനായെങ്കിലും നെയ്മർ പൂർണ്ണ ശാരീരിക ക്ഷമത വീണ്ടെടുക്കാത്തതിനാൽ ഈ മത്സരത്തിലും കളിക്കില്ലെന്ന് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കിയിട്ടുണ്ട്.
പരിക്കേറ്റ ഇഗോർ തിയാഗോയ്ക്ക് പകരക്കാരനെ കണ്ടെത്തുക എന്നതാകും ആൻസലോട്ടിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. കഴിഞ്ഞ മത്സരത്തിൽ ഗോൾ കണ്ടെത്തിയ വിനീഷ്യസ് തന്നെയാകും ടീമിന്റെ മുന്നേറ്റനിരയിലെ പ്രധാന പ്രതീക്ഷ.
കൂടാതെ, കഴിഞ്ഞ മത്സരത്തിൽ അവസരം ലഭിക്കാതിരുന്ന എൻഡ്രിക്, മത്തിയാസ് കുന്യ എന്നിവരെ പ്ലെയിങ്ങ് ഇലവനിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. മധ്യനിരയിൽ കാസമിറോയും ലൂക്കാസ് പക്വേറ്റയും ഫോമിലേക്ക് ഉയരേണ്ടത് ബ്രസീലിന് അനിവാര്യമാണ്.
കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തിയ റാഫീഞ്ഞയുടെ പ്രകടനവും നിർണ്ണായകമാകും. പ്രതിരോധത്തിലെ പിഴവുകൾ തിരുത്തി ഫുൾ ബാക്കുകളുടെ ആക്രമണങ്ങൾ ഏകോപിപ്പിച്ചാൽ മാത്രമേ വിജയത്തിലേക്ക് എത്താൻ ടീമിന് സാധിക്കൂ.
ചെറിയ ടീമുകൾക്കെതിരെ മികച്ച റെക്കോർഡുള്ള ബ്രസീൽ, ആൻസലോട്ടിയുടെ തന്ത്രങ്ങളിലൂടെ വിജയവഴിയിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

