കർണാടകയിലെ ഭരണനേതൃത്വത്തിൽ മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ, കോൺഗ്രസ് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തുന്നതിനായി മുഖ്യമന്ത്രി സിദ്ധരാമയ്യ സമയം തേടി. മാസങ്ങളായി തുടരുന്ന നേതൃമാറ്റ ചർച്ചകളിൽ വരുംദിവസങ്ങളിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന.
സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുന്ന ഘട്ടത്തിൽ മുഖ്യമന്ത്രിസ്ഥാനം കൈമാറണമെന്ന ആവശ്യം ഡി.കെ. ശിവകുമാർ പക്ഷം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത മുതിർന്ന കോൺഗ്രസ് നേതാക്കൾക്കിടയിൽ കർണാടകയിലെ സാഹചര്യം സംബന്ധിച്ച അനൗദ്യോഗിക ചർച്ചകൾ നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനുപിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി സിദ്ധരാമയ്യ സംസാരിച്ചിരുന്നു.
സിദ്ധരാമയ്യയെയും മറ്റ് മുതിർന്ന നേതാക്കളെയും ഹൈക്കമാൻഡ് ഉടൻ തന്നെ ഡൽഹിയിലേക്ക് വിളിപ്പിക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ട
സാഹചര്യം ഉണ്ടായാൽ മന്ത്രിസഭയിൽ വലിയ അഴിച്ചുപണി വേണമെന്ന നിലപാടിലാണ് സിദ്ധരാമയ്യ. അതേസമയം, സിദ്ധരാമയ്യയെ മാറ്റുകയാണെങ്കിൽ പകരം ആഭ്യന്തര മന്ത്രി ജി.
പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം എം.എൽ.എമാർ രംഗത്തെത്തിയിട്ടുണ്ട്. ഡി.കെ.
ശിവകുമാറിന് പകരം ഒരു ദളിത് മുഖ്യമന്ത്രി വേണമെന്നതാണ് ഇവരുടെ ആവശ്യം. കർണാടകയിലെ നേതൃമാറ്റ വിവാദങ്ങൾക്ക് ഉടൻ ‘തിരശ്ശീല വീഴുമെന്ന്’ മന്ത്രി സതീഷ് ജാർക്കിഹോളി പ്രതികരിച്ചു.
ദില്ലിയിലെ കൂടിക്കാഴ്ചയിൽ എല്ലാ കാര്യങ്ങളും തീരുമാനമാകുമെന്നും അനിശ്ചിതത്വം നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ കർണാടക രാഷ്ട്രീയത്തിൽ വരുംദിവസങ്ങൾ നിർണായകമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

