ഇറാനുമായുള്ള വ്യാപാര ഇടപാടുകൾക്ക് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ചെന്ന കേസിൽ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ഒത്തുതീർപ്പിലെത്തി. നിയമലംഘനം നടന്നതായി ആരോപിക്കപ്പെട്ട
കേസിൽ 27.5 കോടി ഡോളർ (ഏകദേശം 2649 കോടി രൂപ) പിഴയടയ്ക്കാൻ കമ്പനി സമ്മതിച്ചു. 2023 നവംബർ മുതൽ 2025 ജൂൺ വരെയുള്ള കാലയളവിലാണ് വിവാദമായ എൽപിജി ഇറക്കുമതി നടന്നത്.
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിയ കപ്പലുകളിൽ ഉണ്ടായിരുന്നത് ഒമാനിൽനിന്നും ഇറാഖിൽനിന്നുമുള്ള എൽപിജി ആണെന്നാണ് ദുബായിലെ വിതരണക്കാർ അറിയിച്ചതെന്ന് കമ്പനി വിശദീകരിക്കുന്നു. ലഭ്യമായ രേഖകളിൽ ഇറാനിയൻ ബന്ധത്തെ സൂചിപ്പിക്കുന്ന വിവരങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും കമ്പനി വ്യക്തമാക്കി.
ഇറാനിൽനിന്നുള്ള ഉൽപ്പന്നങ്ങളാണ് ഇവയെന്ന വിവരം കഴിഞ്ഞ വർഷം ജൂണിൽ പുറത്തുവന്നതോടെ, എല്ലാ ഇടപാടുകളും തൽക്ഷണം നിർത്തിവെക്കുകയും വിവരം അമേരിക്കൻ അധികൃതരെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കാൻ തയ്യാറായതിനെത്തുടർന്ന്, കുറ്റം ചുമത്താത്ത രീതിയിലുള്ള ഒത്തുതീർപ്പിലേക്കാണ് എത്തിയിരിക്കുന്നത്.
യഥാർത്ഥത്തിൽ 38.4 കോടി ഡോളർ വരെ പിഴ ചുമത്താൻ സാധ്യതയുണ്ടായിരുന്ന കേസായിരുന്നു ഇത്. എന്നാൽ, കമ്പനി സ്വമേധയാ വിവരം വെളിപ്പെടുത്തിയതും തുടർനടപടികൾ സ്വീകരിച്ചതും പരിഗണിച്ച് പിഴത്തുക 27.5 കോടി ഡോളറായി കുറയ്ക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

