റിയാദ്: സൗദി അറേബ്യയിലെ ജനവാസ മേഖലകള് ലക്ഷ്യമിട്ട് ഹൂതികള് നടത്തിയ വിനാശകരമായ ആക്രമണ നീക്കങ്ങള് അറബ് സഖ്യസേന വിജയകരമായി വിഫലമാക്കി. ഖമീസ് മുശൈത്, റിയാദ്, കിഴക്കന് പ്രവിശ്യ എന്നിവിടങ്ങളിലേക്ക് തൊടുത്ത 2 ബാലിസ്റ്റിക് മിസൈലുകളും 3 സ്ഫോടക ഡ്രോണുകളുമാണ് വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ചുതന്നെ തകര്ത്തുതരിപ്പണമാക്കിയത്.
സൗദി അറേബ്യയെ ലക്ഷ്യമാക്കി വന്ന മിസൈലുകളും ഡ്രോണുകളും സഖ്യസേന കൃത്യസമയത്ത് കണ്ടെത്തി നശിപ്പിക്കുകയായിരുന്നു. ഖമീസ് മുശൈതിനെ ലക്ഷ്യമാക്കി വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് സേന ആദ്യം വെടിവെച്ചിട്ടത്.
ഇതിനുപിന്നാലെ റിയാദ് നഗരത്തിലേക്കും കിഴക്കന് പ്രവിശ്യയിലേക്കും നീങ്ങിയ മൂന്ന് ഡ്രോണുകളും സേനയുടെ പ്രതിരോധ കവചം തകര്ത്തു. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഈ വ്യോമാക്രമണ ശ്രമങ്ങളെല്ലാം നടന്നതെന്ന് സഖ്യസേന വക്താവ് തുര്ക്കി അല് മാലിക്കി വ്യക്തമാക്കി.
ഈ സംഭവങ്ങളില് ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്ട്ട് ചെയ്തിട്ടില്ലെന്നും രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാന് ശക്തമായ നടപടികള് തുടരുമെന്നും അധികൃതര് അറിയിച്ചു. അതേസമയം, യമനിലെ തഈസില് ഹൂതി വിമതര്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.
ഇറാന് റെവല്യൂഷണറി ഗാര്ഡില് നിന്ന് പ്രത്യേക പരിശീലനം നേടിയ ഹൂതി മിസൈല്-ഡ്രോണ് വിഭാഗം തലവന് അബു അല് ഫദല് അല് ഹദ്റമിയും മറ്റ് പ്രമുഖ കമാന്ഡര്മാരും നടന്ന വ്യോമാക്രമണത്തില് കൊല്ലപ്പെട്ടു. തഈസിന് തെക്കുഭാഗത്തായി ഹൂതികളുടെ ഡ്രോണ് വിഭാഗം കമാന്ഡറെ യമന് സൈന്യം പിടികൂടിയിട്ടുണ്ട്.
ഇയാളില് നിന്ന് പിടിച്ചെടുത്ത ഡ്രോണുകള് ഉപയോഗിച്ചാണ് സേന ശക്തമായ തിരിച്ചടി നല്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി തഈസ് മേഖലയില് അതിശക്തമായ പോരാട്ടമാണ് പുരോഗമിക്കുന്നത്.
ഏറ്റുമുട്ടലില് കൊല്ലപ്പെട്ട ഇരുനൂറ്റിയെണ്പതോളം ഹൂതികളുടെ മൃതദേഹങ്ങള് പ്രദേശവാസികള് കണ്ടിട്ടുണ്ട്.
വാട്ടര് ടാങ്കറുകളില് ഒളിച്ചുകടക്കാന് ഹൂതികള് നടത്തിയ രഹസ്യനീക്കവും ജനങ്ങളുടെ ജാഗ്രതയുടെയും സൈന്യത്തിന്റെയും സഹായത്തോടെ പരാജയപ്പെടുത്തി. ഇതോടെ ഇരുപത് ലക്ഷത്തിലധികം ജനസംഖ്യയുള്ള തഈസ് നഗരം പിടിച്ചെടുക്കാനുള്ള ഹൂതികളുടെ ശ്രമം പൂര്ണ്ണമായും വിഫലമായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

