സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ മിഷൻ സമുദ്രയുടെ ഭാഗമായ ബ്ലൂ ഇക്കോണമി പദ്ധതിയുടെ ആസ്ഥാനമായി അരൂർ മാറുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. മാക്കേകടവ്-നേരേകടവ് പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരൂരിനെ സീഫുണ്ടിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റുമെന്നും ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട എല്ലാ കണക്ടിവിറ്റികളും ആലപ്പുഴയിൽ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നാട്ടിലെ സാധാരണ ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നതല്ല സർക്കാരിന്റെ വികസന നയമെന്നും, നേരേകടവ്-വൈക്കം റോഡ് നിർമ്മാണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സ്ഥലം ഏറ്റെടുക്കുമ്പോൾ പ്രദേശവാസികൾക്കായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ടവർക്ക് ഉണ്ടായിരിക്കുമെന്നും, കാലതാമസം മൂലം പൊതുഖജനാവിന് ഉണ്ടാകുന്ന ധനനഷ്ടം ഒഴിവാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും നേരേകടവ്-വൈക്കം റോഡ് നിർമ്മാണത്തിനായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ശബരിമല റോഡുകളുടെ വികസനത്തിനായി 553.85 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആലപ്പുഴ-ചങ്ങനാശ്ശേരി എസി റോഡ് നിർമ്മാണത്തിലെ അപാകതകളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തുമെന്നും പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കി.
ആലപ്പുഴ, കോട്ടയം ജില്ലകളിലെ ജനങ്ങളുടെ ദീർഘകാലത്തെ സ്വപ്നമായ ഈ പാലത്തിന്റെ നിർമ്മാണത്തിന് പ്രവർത്തിച്ച ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ അഭിനന്ദിച്ചു. ഈ പാലത്തിന് പള്ളിത്തോട് -പമ്പ എന്ന് പേരിടണമെന്നും അവർ അഭിപ്രായപ്പെട്ടു.
തുരുവൂർ പമ്പ പാതയുടെ ഭാഗമായാണ് ജനങ്ങളുടെ ചിരകാലാഭിലാഷമായ ഈ പാലം നിർമ്മിച്ചതെന്നും ഇതിന്റെ തുടർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. മധ്യതിരുവിതാംകൂറിന്റെ അഭിമാന പദ്ധതിയായ ഈ സംരംഭത്തിന് തുടർച്ചയാകാൻ വൈക്കം ഭാഗത്തെ റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ആവശ്യപ്പെട്ടു.
കോട്ടയം എംപി ഫ്രാൻസിസ് ജോർജ്, വൈക്കം എംഎൽഎ കെ ബിനിമോൻ, ഏറ്റുമാനൂർ എംഎൽഎ നാട്ടകം സുരേഷ്, ആലപ്പുഴ എംഎൽഎ എ ഡി തോമസ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി നായർ, കോട്ടയം ജില്ലാ കലക്ടർ ചേതൻ കുമാർ മീണ, ആലപ്പുഴ മുൻ എംപി എ എം ആരിഫ്, വൈക്കം മുൻ എംഎൽഎ സി കെ ആശ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആലപ്പുഴ ജില്ലയിലെ അരൂർ നിയോജക മണ്ഡലത്തിലെ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തും കോട്ടയം ജില്ലയിലെ വൈക്കം നിയോജകമണ്ഡലത്തിലെ ഉദയനാപുരം ഗ്രാമപഞ്ചായത്തുമാണ് മാക്കേകടവ് നേരെകടവ് പാലം ബന്ധിപ്പിക്കുന്നത്.
വേമ്പനാട്ടുകായലിൽ ദേശീയ ജലപാതയ്ക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ പാലത്തിന് 800 മീറ്റർ നീളവും ഏഴര മീറ്റർ വീതിയുള്ള റോഡും ഇരുവശങ്ങളിലുമായി ഒന്നര മീറ്റർ വീതിയുള്ള നടപ്പാതകളുമുണ്ട്. ആകെ 22 സ്പാനുകൾ ഉള്ള പാലത്തിൽ മാക്കേകടവ് ഭാഗത്ത് 40.20 മീറ്റർ നീളത്തിൽ അപ്പ്രോച്ച് റോഡും 48.40 മീറ്ററിൽ കണക്ടിംഗ് റോഡും സജ്ജീകരിച്ചിട്ടുണ്ട്.
നേരേകടവ് ഭാഗത്ത് 52.22 മീറ്റർ നീളത്തിൽ അപ്പ്രോച്ച് റോഡും 73.26 മീറ്ററിൽ നീളത്തിൽ കണക്റ്റിങ് റോഡുമാണ് നിർമ്മിച്ചിട്ടുള്ളത്. ചടങ്ങിൽ പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എൻജിനിയർ എം.അശോക് കുമാർ, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എൻജിനിയർ ഐ.റംലാബീവി, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ രാജേന്ദ്രൻ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശികുമാർ, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കവിത സജീവൻ, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജു, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം എം കെ രാജേഷ്, ആലപ്പുഴ ജില്ലാ പഞ്ചായത്തംഗങ്ങളായ പി ആർ ജ്യോതിലക്ഷ്മി, ജെയിംസ് ചിങ്കുത്തറ തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

