ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിതിരിവ്.
ഹൈക്കോടതി അനുവദിച്ച കർശന സമയപരിധിക്കുള്ളിൽ കട്ടിളപ്പാളി കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയില്ലെന്ന് സ്ഥിരീകരണം. മുൻ ദേവസ്വം അധികാരികൾ ഉൾപ്പെടെ 15 പേരെ പ്രതിചേർത്ത് രജിസ്റ്റർ ചെയ്ത ഈ കേസിൽ സെപ്റ്റംബർ 22-നകം കുറ്റപത്രം നൽകാനായിരുന്നു കോടതിയുടെ അന്ത്യശാസനം.
എന്നാൽ ഈ കേസിൽ പ്രതികളായ 13 പേർക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിന് സർക്കാരിന്റെ മുൻകൂർ പ്രോസിക്യൂഷൻ അനുമതി അനിവാര്യമാണ്. മുൻ ദേവസ്വം ബോർഡ് കമ്മീഷണർ എൻ വാസു, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ തുടങ്ങിയ പ്രമുഖർ പ്രതിപ്പട്ടികയിലുള്ള കട്ടിളപ്പാളി കേസിന്റെ അന്വേഷണം പൂർത്തിയായെന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നേരത്തെ കോടതിയെ അറിയിച്ചിരുന്നത്.
ഇതിന് പുറമെ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അടക്കമുള്ളവർ പ്രതിയായ ദ്വാരപാലക കേസിൽ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ അടക്കം ഇനിയും ലഭിക്കാനുണ്ടെന്നും എസ്ഐടി വ്യക്തമാക്കിയിരുന്നു. മുൻ ദേവസ്വം ബോർഡ് അംഗങ്ങളും മുൻ സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുള്ള കട്ടിളപ്പാളി കേസിൽ നിയമപരമായ നടപടികളുടെ ഭാഗമായി സർക്കാരിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.
ആഭ്യന്തര വകുപ്പ്, ദേവസ്വം വകുപ്പ്, നിയമ വകുപ്പ് എന്നിവയുടെ സമഗ്രമായ പരിശോധനയ്ക്ക് ശേഷമേ പ്രോസിക്യൂഷൻ അനുമതി ലഭ്യമാകൂ. എന്നാൽ കോടതി നൽകിയ സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇതുവരെയും സർക്കാരിന്റെ അനുമതിക്കായി അപേക്ഷ സമർപ്പിക്കാൻ പോലും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
ഈ മാസം അവസാനത്തോടുകൂടിമാത്രം പ്രോസിക്യൂഷൻ അനുമതി തേടാനാണ് നിലവിൽ അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസ് വീണ്ടും പരിഗണിക്കുന്ന ഘട്ടത്തിൽ കുറ്റപത്രം വൈകുന്നതിനുള്ള കാരണം ചൂണ്ടിക്കാട്ടി എസ്ഐടി കോടതിക്ക് എന്ത് വിശദീകരണം നൽകുമെന്നത് നിയമകേന്ദ്രങ്ങളിൽ ഉറ്റുനോക്കപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

