തൃപ്പൂണിത്തുറ: പുത്തൻകാവ് – തൃപ്പൂണിത്തുറ റോഡിൽ രാവിലെ ഗതാഗതക്കുരുക്കിന് ഇടയിലൂടെ പായുന്ന സ്വകാര്യ ബസ് കണ്ട് പലരും കോപാകുലരായി. പക്ഷേ ഗർഭിണിയായ യാത്രക്കാരിയുടെയും ഗർഭസ്ഥ ശിശുവിന്റെയും ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിലായിരുന്നു ബസ്.
വൈക്കത്തു നിന്നു വൈറ്റിലയിലേക്കു സർവീസ് നടത്തുന്ന പ്രിയദർശിനി എന്ന ബസിലാണ് ഗർഭിണിയായ യാത്രക്കാരിക്ക് സഹയാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും സമയോചിതമായ ഇടപെടൽ തുണയായത്. നാലു മാസം ഗർഭിണിയായ യുവതി വൈക്കത്തു നിന്നാണ് ബസിൽ കയറിയത്.
തെക്കൻ പറവൂർ കഴിഞ്ഞ ഉടനെ അസ്വസ്ഥത അനുഭവപ്പെട്ട ഇവർ ബോധരഹിതയായി.
യുവതിയുടെ ജീവൻ രക്ഷിക്കാൻ ബസ് ഡ്രൈവർ തോട്ടകം സ്വദേശി പി.ആർ രാജീവും കണ്ടക്ടർ മറവന്തുരുത്ത് സ്വദേശി എം.എസ് ഷൈജുവും ചേർന്നു ബസിൽ തന്നെ ആശുപത്രിയിൽ എത്തിക്കാൻ തീരുമാനിച്ചു. കടുത്ത ഗതാഗതക്കുരുക്ക് അവഗണിച്ച് ബസ് ലൈറ്റുകൾ തെളിയിച്ച് അതിവേഗത്തിൽ ഓടിച്ച് ഇവർ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അഭിലാഷ് എന്ന സഹയാത്രികന്റെ സഹായത്തോടെ ആശുപത്രിയിലേക്കു കൊണ്ടുപോയി. പരിശോധനയ്ക്ക് ശേഷം യുവതിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് സ്ഥിരീകരിച്ചു.
തുടർന്നു യുവതിയുടെ ബന്ധുക്കളും ആശുപത്രിയിലെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

