മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ന്യൂഡൽഹിയിലെ ജന്തർ മന്തറിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷാവസ്ഥ. കേരളത്തിൽനിന്നുള്ള പ്രമുഖ യുവ നേതാക്കളായ തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും മുൻ എംഎൽഎയുമായ സച്ചിൻ ദേവ്, ജെയ്ക് സി.
തോമസ് ഉൾപ്പെടെയുള്ളവർ സമരത്തിൽ സജീവമായി പങ്കെടുത്തിരുന്നു. പ്രതിഷേധത്തിനിടയിൽ ഇവരെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പോലീസും പ്രവർത്തകരും തമ്മിൽ ഏറെ നേരം നീണ്ട പിടിവലിക്കൊടുവിലാണ് ഇവരെ വാഹനത്തിലേക്ക് മാറ്റിയത്.
ഡൽഹി ഫിറോസ് ഷാ റോഡ്, കാനിങ് റോഡ് എന്നിവിടങ്ങളിൽ ഒത്തുകൂടിയ ശേഷം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകർക്കൊപ്പമാണ് പ്രവർത്തകർ ജന്തർ മന്തറിലേക്ക് എത്തിയത്. സിപിഎം നേതാവ് വൃന്ദ കാരാട്ട്, എ.എ.
റഹിം എംപി എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി. ജന്തർ മന്തറിന് സമീപത്തേക്ക് എത്തിയപ്പോൾ മറ്റ് സംഘടനകളുടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുന്ന തിരക്കിലായിരുന്ന പോലീസ് ആദ്യം ഈ സംഘത്തെ ശ്രദ്ധിച്ചിരുന്നില്ല.
തുടർന്ന് എ.എ. റഹിം എംപി, ജെയ്ക് സി.
തോമസ് ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റിയെങ്കിലും, പിന്നാലെ എത്തിയ വലിയൊരു വിഭാഗം പ്രവർത്തകരെ ഒന്നിച്ച് കസ്റ്റഡിയിലെടുക്കാൻ ഉദ്യോഗസ്ഥർക്ക് ഏറെ പണിപ്പെടേണ്ടി വന്നു. ഇതിനിടയിൽ റോഡിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ച ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ് തുടങ്ങിയ നേതാക്കൾ പോലീസിന്റെ നീക്കത്തെ ചെറുത്തുനിൽക്കുകയും പോലീസുമായി വാഗ്വാദത്തിലും പിടിവലിയിലും ഏർപ്പെടുകയും ചെയ്തു.
ഏറെ ബുദ്ധിമുട്ടുകൾക്ക് ശേഷമാണ് ഡൽഹി പോലീസ് രംഗം ശാന്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

