കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നടുവത്തൂരിലെ ഓറോക്കുന്ന് മലയിൽ സൂര്യകാന്തിപ്പൂക്കളുടെ മനോഹരമായ കാഴ്ച ഒരുങ്ങുന്നു. സീനിയർ സിവിൽ പൊലീസ് ഓഫിസർ ഒ.കെ.സുരേഷിന്റെ കൃഷിയിടത്തിലാണ് സൂര്യകാന്തികൾ പൂത്തുലഞ്ഞു നിൽക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ രണ്ടര മാസം മുൻപ് നട്ട നാനൂറോളം സൂര്യകാന്തി ചെടികളാണ് ഇപ്പോൾ പൂർണ വളർച്ചയെത്തിയിരിക്കുന്നത്.
കൃഷിയിടത്തിലെ പ്രധാന ആകർഷണങ്ങളായി മഞ്ഞ, ഓറഞ്ച്, വെള്ള എന്നീ നിറങ്ങളിലുള്ള ചെണ്ടുമല്ലികളും ഒപ്പം വാടാമല്ലിയും ഭംഗി കൂട്ടുന്നുണ്ട്. വർഷങ്ങളായി കൃഷിമേഖലയിൽ സജീവമായി ഇടപെടുന്ന സുരേഷ്, തന്റെ പൊലീസ് ജോലിക്കിടയിലെ ഒഴിവുസമയങ്ങളിലാണ് കുടുംബത്തോടൊപ്പം കൃഷിയിടത്തിൽ എത്തുന്നത്.
കഴിഞ്ഞ വർഷം നടത്തിയ ചെണ്ടുമല്ലി കൃഷിയിൽ നിന്ന് ലഭിച്ച മികച്ച വിളവാണ് ഇത്തവണയും ഇത്തരത്തിൽ കൃഷിയിറക്കാൻ അദ്ദേഹത്തിന് പ്രചോദനമായത്. ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ (ഡ്രൈവർ) ആയി സേവനം അനുഷ്ഠിക്കുന്ന നടുവത്തൂർ നെല്ലിയുള്ളതിൽ താഴ ഒ.കെ.സുരേഷിന് കൃഷിയിൽ പൂർണ്ണ പിന്തുണയുമായി കുടുംബവുമുണ്ട്.
കീഴരിയൂർ പഞ്ചായത്തിലെ അഗ്രികൾചറൽ റിസോഴ്സ് പഴ്സൻ കൂടിയായ ഭാര്യ ശോഭയും മക്കളായ സൂര്യ പ്രഭ, സൂര്യ നന്ദ എന്നിവരുമാണ് കൃഷിയിൽ അദ്ദേഹത്തെ സഹായിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

