കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എട്ട് പ്രവാസികൾക്ക് 10 വർഷം കഠിനതടവും 18 ദശലക്ഷം കുവൈത്തി ദിനാർ പിഴയും വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി. സ്റ്റേറ്റ് സെക്യൂരിറ്റി സർക്യൂട്ട് പരിഗണിച്ച കേസിലാണ് കോടതിയുടെ നിർണായക ഉത്തരവ് ഉണ്ടായത്.
കുറ്റകൃത്യവുമായി ബന്ധപ്പെട്ട രണ്ട് വാണിജ്യ കമ്പനികൾക്ക് 9 ദശലക്ഷം ദിനാർ പിഴ ചുമത്തിയ കോടതി, ഈ സ്ഥാപനങ്ങൾ സ്ഥിരമായി അടച്ചുപൂട്ടാനും ഉത്തരവിട്ടിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിച്ചെന്ന ഗുരുതരമായ കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. മറ്റൊരു സംഭവത്തിൽ, രാജ്യത്ത് വൻ ലഹരിമരുന്ന് വേട്ടയും നടന്നു.
ലഹരിമരുന്ന് കടത്തും വിൽപ്പനയും ഉപയോഗവും കർശനമായി തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനകളിൽ എട്ട് വ്യത്യസ്ത കേസുകളിലായി 12 പേരെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് 2,565 ലിറിക്ക ഗുളികകൾ, 1.7 കിലോ ഹാഷിഷ്, 850 ഗ്രാം ക്രിസ്റ്റൽ മെത്ത്, 100 ഗ്രാം ഹാഷിഷ് ഓയിൽ, 100 സൈക്കോട്രോപിക് ഗുളികകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
കൂടാതെ, രാസലായനി പുരട്ടിയ 40 ഷീറ്റുകൾ, 83 കുപ്പി പ്രാദേശികമായി നിർമ്മിച്ച മദ്യം, ലിറിക്ക പൗഡർ, ആറ് തൂക്കയന്ത്രങ്ങൾ എന്നിവയും അധികൃതർ കണ്ടെത്തി. പരിശോധനയ്ക്കിടെ ഒരു തോക്കും വെടിയുണ്ടകളും, ലഹരി വിൽപ്പനയിലൂടെ ലഭിച്ചതായി കരുതുന്ന 5,790 കുവൈത്ത് ദിനാർ പണവും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

