തൊടുപുഴയിൽ സ്കൂളിലേക്ക് പോകുന്നതിനിടെ സൈക്കിൾ മറിഞ്ഞുണ്ടായ അപകടത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിയുടെ തുടയിൽ ഹാൻഡിൽ ഒടിഞ്ഞുകുത്തിക്കയറി ഗുരുതര പരുക്ക്. മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും കാരിക്കോട് രണ്ടുപാലം കണ്ടോത്ത്മാട്ടയിൽ അനീഷിന്റെ മകനുമായ മുസമൽ അനീഷ് (13) ആണ് അപകടത്തിൽപ്പെട്ടത്.
തിങ്കൾ ഉച്ചയോടെയാണ് സംഭവം. പരീക്ഷ എഴുതാൻ പോകുന്ന വഴിയാണ് മുതലക്കോടം സ്കൂളിനു സമീപം വെച്ച് അപകടമുണ്ടായത്.
കുട്ടി സഞ്ചരിച്ചിരുന്ന സൈക്കിൾ റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തുടർന്ന് സൈക്കിളിന്റെ ഹാൻഡിൽ ഒടിഞ്ഞ് കുട്ടിയുടെ തുടയിൽ തുളഞ്ഞുകയറുകയും കമ്പി മറുവശത്തേക്ക് പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലാകുകയും ചെയ്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയാണ് കമ്പി മുറിച്ച് മാറ്റിയത്. തുടർന്ന് പാലായിലെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ഹാൻഡിൽ പുറത്തെടുത്തത്.
പ്രധാന രക്തക്കുഴലിന് വളരെ അടുത്തുകൂടിയാണ് ഹാൻഡിലിന്റെ ഭാഗം ശരീരത്തിലേക്ക് തുളച്ചുകയറിയിരുന്നത്. ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് സർജറി വിഭാഗം മേധാവി ഡോ.
ജിബിൻ കെ. തോമസിന്റെ നേതൃത്വത്തിലാണ് അടിയന്തര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗം മേധാവി ഡോ. കൃഷ്ണൻ.
സി, പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. അനീഷ് ജോസഫ്, അനസ്തേഷ്യോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ.
ലിബി ജെ. പാപ്പച്ചൻ, ഡോ.
ബേസിൽ പോൾ മനയാലിൽ എന്നിവരും ശസ്ത്രക്രിയ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വിദ്യാർത്ഥി ആരോഗ്യനില വീണ്ടെടുത്ത് വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

