ആലപ്പുഴ, എറണാകുളം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തുറവൂർ – കുമ്പളങ്ങി പാലം നിർമാണത്തിന്റെ 45 ശതമാനം പ്രവൃത്തികളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. കിഫ്ബി ഫണ്ടിൽ നിന്നും 32.48 കോടി രൂപ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണച്ചുമതല നൽകിയിരിക്കുന്നത്. പാലവും അനുബന്ധ അപ്രോച്ച് റോഡുകളും നിർമിക്കുന്നതിനൊപ്പം ഇരുവശങ്ങളിലും താൽക്കാലിക ബോട്ട് ജെട്ടികൾ കൂടി സ്ഥാപിച്ച ശേഷമായിരുന്നു പ്രവൃത്തികൾ ആരംഭിച്ചത്.
പദ്ധതിയുടെ ഭാഗമായി ഒരു തൂണിനായി 60 മീറ്റർ മുതൽ 65 മീറ്റർ വരെ താഴ്ചയിൽ 6 കോൺക്രീറ്റ് പൈലുകളാണ് സ്ഥാപിക്കുന്നത്. ഇതിന്റെ ഭാഗമായി ആകെ 9 തൂണുകൾക്കായി 58 കോൺക്രീറ്റ് പൈലുകളുടെ നിർമാണം ഇതിനകം പൂർത്തിയായിട്ടുണ്ട്.
ഇതിൽ 6 തൂണുകൾക്കുള്ള പൈലുകൾക്ക് മുകളിലുള്ള പൈൽ ക്യാപിന്റെ കോൺക്രീറ്റ് ജോലികളും പൂർത്തിയായിട്ടുണ്ട്. ഇനി മൂന്ന് പൈൽ ക്യാപുകൾ കൂടി സ്ഥാപിക്കേണ്ടതുണ്ട്.
ഇതിൽ കായലിൽ നിർമിക്കേണ്ട രണ്ട് തൂണുകളുടെ പൈൽ ക്യാപ് കോൺക്രീറ്റ് ജോലികളാണ് മഴയെത്തുടർന്ന് തടസ്സപ്പെട്ടത്.
കാലവർഷക്കെടുതിയെ തുടർന്ന് കായലിൽ ജലനിരപ്പ് ഉയർന്നതാണ് ഈ രണ്ട് തൂണുകളുടെ പൈൽ ക്യാപ് നിർമാണം വൈകാൻ കാരണം. ജലനിരപ്പ് താഴുകയും വേലിയിറക്കം അനുഭവപ്പെടുകയും ചെയ്യുന്ന സമയത്ത് പൈൽ ക്യാപിന്റെ തട്ടൊരുക്കി കമ്പികൾ ബന്ധിച്ച് കോൺക്രീറ്റ് ചെയ്യാനാണ് തീരുമാനം.
പൈലുകൾക്ക് മുകളിൽ പൈൽ ക്യാപ് സ്ഥാപിച്ച ശേഷം അതിലേക്ക് ഇരുമ്പിന്റെ എൻ ഗർഡറുകൾ സ്ഥാപിച്ച് കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ച ശേഷമാകും പ്രധാന ഗർഡറുകൾ സ്ഥാപിക്കുക. പദ്ധതിയുടെ ഭാഗമായി കുമ്പളങ്ങി ഭാഗത്ത് 110 മീറ്റർ നീളത്തിലും അരൂർ ഭാഗത്ത് 136 മീറ്റർ നീളത്തിലും അപ്രോച്ച് റോഡുകൾ ബിഎംബിസി നിലവാരത്തിൽ നിർമിക്കും.
എന്നാൽ കാലവർഷം, ജങ്കാർ സർവീസ് മാറ്റി സ്ഥാപിക്കാത്തത്, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയത് തുടങ്ങിയ കാരണങ്ങളാൽ 90 ദിവസത്തോളം നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

