ഇന്ത്യ ആതിഥേയത്വം വഹിച്ച ബ്രിക്സ് ഉച്ചകോടിയും ആഗോള നേതാക്കളുടെ സാന്നിധ്യവും പാക്കിസ്ഥാനിൽ വലിയ അസ്വസ്ഥതകൾ സൃഷ്ടിച്ചിരിക്കുന്നു. റഷ്യൻ പ്രസിഡന്റ് പുട്ടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, യുഎഇയിൽ നിന്ന് അബുദാബി കിരീടാവകാശി ശെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് തുടങ്ങിയ പ്രമുഖരുടെ പങ്കാളിത്തമാണ് പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കുന്നത്.
ബ്രിക്സിൽ അംഗത്വം നേടാൻ കഴിഞ്ഞ കുറെ വർഷങ്ങളായി പാക്കിസ്ഥാൻ നിരന്തരം ശ്രമങ്ങൾ നടത്തിവരുന്നുണ്ടെങ്കിലും യാതൊരുവിധ ഫലവും കണ്ടിട്ടില്ല. ചൈനയുടെയും റഷ്യയുടെയും പിന്തുണ തേടിയെങ്കിലും ഈ നീക്കങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്.
നിലവിൽ കൂട്ടായ്മയുടെ അധ്യക്ഷപദവി വഹിക്കുന്ന ഇന്ത്യയുടെ ഉറച്ച നിലപാടുകളാണ് പാക്കിസ്ഥാന് പ്രധാനമായും തിരിച്ചടിയാകുന്നത്. ബ്രിക്സിന്റെ ചരിത്രവും വളർച്ചയും 2006-ൽ ജി8 ഉച്ചകോടിക്കിടെ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ ചേർന്നാണ് ‘ബ്രിക്’ എന്ന കൂട്ടായ്മ രൂപീകരിച്ചത്.
തുടർന്ന് 2009-ൽ ദക്ഷിണാഫ്രിക്ക കൂടി ഉൾപ്പെട്ടതോടെ ഇത് ‘ബ്രിക്സ്’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2023-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഉച്ചകോടിയിലാണ് കൂട്ടായ്മയുടെ ചരിത്രപരമായ വിപുലീകരണം നടക്കുന്നത്.
അർജന്റീന, ഈജിപ്ത്, ഇത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾ കൂടി ഇതിൽ അംഗങ്ങളായി മാറി. ഇതോടെ ലോകത്തെ വികസ്വര രാജ്യങ്ങളുടെയും വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകളുടെയും ഏറ്റവും നിർണായകമായ ആഗോള കൂട്ടായ്മയായി ബ്രിക്സ് മാറി.
നിലവിൽ ലോക ജിഡിപിയുടെ 40 ശതമാനവും ബ്രിക്സ് രാജ്യങ്ങളുടെ കൈവശമാണ്. കൂടാതെ ആഗോള ജനസംഖ്യയുടെ 49.5 ശതമാനവും ആഗോള വ്യാപാരത്തിന്റെ 26 ശതമാനവും ഈ കൂട്ടായ്മയെ പ്രതിനിധീകരിക്കുന്നു.
എണ്ണ ഉൽപാദനത്തിലും കയറ്റുമതിയിലും മുൻനിരയിലുള്ള റഷ്യ, സൗദി അറേബ്യ, യുഎഇ, ഇറാൻ എന്നീ രാജ്യങ്ങളുടെ സാന്നിധ്യവും ലോകത്തെ ഏറ്റവും വലിയ വ്യാപാരശക്തികളായ ചൈനയും ഇന്ത്യയും ഒത്തുചേരുന്നതും ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. പാക്കിസ്ഥാന്റെ അംഗത്വ മോഹവും തിരിച്ചടികളും സൈനികശക്തിയിലും മുൻപന്തിയിലുള്ള ബ്രിക്സിൽ ഇടംപിടിക്കാൻ പാക്കിസ്ഥാൻ പല മാർഗങ്ങളും തേടുന്നുണ്ട്.
എന്നാൽ 2023-ൽ സംഘടന വികസിപ്പിച്ചപ്പോൾ പാക്കിസ്ഥാനെ പരിഗണിച്ചിരുന്നില്ല. ‘‘അതിനു ഞങ്ങൾ അംഗത്വത്തിനായി അപേക്ഷിച്ചല്ലല്ലോ’’ എന്നായിരുന്നു അന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
ബ്രിക്സുമായി സഹകരിക്കണോയെന്ന കാര്യം പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും അന്ന് പാക്ക് വിദേശകാര്യ മന്ത്രാലയ വക്താവ് മുുംതാസ് സാറ ബലോച്ച് വ്യക്തമാക്കുകയുണ്ടായി. തുടർന്ന് 2024-ൽ ബ്രിക്സ് അധ്യക്ഷപദവി ഏറ്റെടുക്കാനിരുന്ന റഷ്യയോട്, റഷ്യയിലെ പാക്കിസ്ഥാൻ അംബാസഡർ മുഹമ്മദ് ഖാലിദ് ജമാലി അംഗത്വത്തിനായി ഔദ്യോഗികമായി അഭ്യർത്ഥന നടത്തി.
എന്നാൽ ഒരു രാജ്യത്തിന് അംഗത്വം ലഭിക്കണമെങ്കിൽ മുഴുവൻ അംഗരാജ്യങ്ങളുടെയും സമവായം ആവശ്യമാണ്. ഇന്ത്യയ്ക്ക് വീറ്റോ അധികാരമുള്ളതിനാൽ പാക്കിസ്ഥാന്റെ കടന്നുവരവ് എളുപ്പമല്ല.
സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാനും അന്താരാഷ്ട്ര ഏജൻസികളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമായി ബ്രിക്സിന്റെ ‘ന്യൂ ഡെവലപ്മെന്റ് ബാങ്കിൽ’ (എൻഡിബി) 2025-ഓടെ 58 കോടി ഡോളറിന്റെ (ഏകദേശം 5000 കോടി രൂപ) ഓഹരികൾ പാക്കിസ്ഥാൻ സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ബാങ്കിൽ പങ്കാളിത്തം നേടിയതുകൊണ്ട് മാത്രം ബ്രിക്സ് അംഗത്വം ലഭിക്കില്ലെന്ന യാഥാർത്ഥ്യം പാക്കിസ്ഥാനെ വീണ്ടും പ്രതിസന്ധിയിലാക്കി.
പിന്നീട് 2025-ൽ ഇന്തൊനീഷ്യ കൂടി ബ്രിക്സിൽ അംഗമായതോടെ പാക്കിസ്ഥാൻ കൂടുതൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

