ഹരിപ്പാട്: റെയിൽവേ സ്റ്റേഷന് വടക്കുവശത്തുള്ള മാങ്കാംകുളങ്ങര പഴയ റെയിൽവേ ക്രോസിന് സമീപത്തെ ചതുപ്പിൽ ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ നിലയിൽ കാട്ടുപന്നിയെ കണ്ടെത്തി. ഇന്ന് രാവിലെയാണ് നാട്ടുകാർ അവശനിലയിലായ കാട്ടുപന്നിയെ ശ്രദ്ധയിൽപ്പെട്ടത്.
വിവരമറിഞ്ഞ ഉടൻ തന്നെ നഗരസഭാ കൗൺസിലർ രാജേഷ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സംഭവസ്ഥലത്തെത്തി വിവരം ധരിപ്പിച്ചു. തുടർന്ന് ആലപ്പുഴയിൽ നിന്നും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഡി.
രാജേഷ്, സോജൻലാൽ സി. എന്നിവർ സ്ഥലത്തെത്തി പന്നിയെ രക്ഷപ്പെടുത്താൻ ശ്രമങ്ങൾ നടത്തി. എന്നാൽ, പരിക്കേറ്റ പന്നി അക്രമാസക്തമായ സാഹചര്യത്തിൽ ഇതിനെ ചികിത്സിക്കാൻ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം വെടിവെച്ചുകൊല്ലാൻ തീരുമാനിക്കുകയായിരുന്നു.
വനംവകുപ്പിന്റെ ഔദ്യോഗിക ലൈസൻസുള്ള മാവേലിക്കര സ്വദേശി ശ്രീജിത്ത് സ്ഥലത്തെത്തിയാണ് കാട്ടുപന്നിയെ വെടിവെച്ചത്. ഏകദേശം 40 കിലോയോളം തൂക്കം വരുന്ന ആൺ കാട്ടുപന്നിയാണ് ചത്തത്.
ഇതിനുശേഷം നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മഹസർ തയ്യാറാക്കി. നഗരസഭ ചെയർപേഴ്സൺ വൃന്ദാ എസ്.
കുമാർ, വൈസ് ചെയർമാൻ അനിൽ മിത്ര, വാർഡ് കൗൺസിലർ രാജേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മോഹൻകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ജഡം സമീപത്തെ പുരയിടത്തിൽ കുഴിച്ചുമൂടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

