കഞ്ചിക്കോട്യിലെ ഒരു സ്കൂളിൽ ഫിസിക്കൽ എജ്യുക്കേഷൻ (പി.ടി) പിരീഡിനിടെ വിദ്യാർഥികൾക്ക് നേരെ കായികാധ്യാപകന്റെ ക്രൂര മർദനം. സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാൻ ഇറങ്ങിയെന്നാരോപിച്ചാണ് അധ്യാപകൻ വിദ്യാർഥികളെ മർദിച്ചത്.
സംഭവത്തിൽ കൊടുവായൂർ സ്വദേശിയായ കായികാധ്യാപകൻ സാദിഖിനെതിരെ വാളയാർ പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. ആറാം ക്ലാസിലെ 11 ആൺകുട്ടികളും 16 പെൺകുട്ടികളും അടക്കം മൊത്തം 27 വിദ്യാർഥികളെ അധ്യാപകൻ ചൂരൽ കൊണ്ട് മർദിച്ചെന്നാണ് രക്ഷിതാക്കൾ പൊലീസിൽ നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്.
മർദനത്തിൽ പരുക്കേറ്റ ഒരു വിദ്യാർഥിയുടെ വിരലിന് ഗുരുതരമായ ക്ഷതം സംഭവിച്ചിട്ടുണ്ട്. ഈ വിദ്യാർഥിയും പരുക്കേറ്റ മറ്റ് രണ്ട് പെൺകുട്ടികളും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
രക്ഷിതാക്കൾ വിഷയത്തിൽ ചൈൽഡ് ലൈനിന്റെ സഹായവും തേടിയിട്ടുണ്ട്. മഴയില്ലാത്ത സമയത്താണ് കുട്ടികൾ കളിക്കാനായി ഗ്രൗണ്ടിലേക്ക് പോയതെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.
മഴയുള്ള ദിവസങ്ങളിൽ മാത്രമാണ് പി.ടി പിരീഡിൽ ക്ലാസ് മുറികളിൽ ഇരുന്ന് പഠിക്കേണ്ടതെന്നാണ് സ്കൂൾ രീതി. എന്നാൽ, വിദ്യാർഥികൾ കളിക്കാൻ ഇറങ്ങിയത് അധ്യാപകൻ നൽകിയ നിർദേശത്തിന് വിരുദ്ധമായാണെന്നും സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും സ്കൂൾ അധികൃതർ പ്രതികരിച്ചു.

