ഇടുക്കി ജില്ലയിലെ തോപ്രാംകുടി സർവീസ് സഹകരണ ബാങ്കിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തൽ. സഹകരണ വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ 10.75 കോടി രൂപയുടെ തട്ടിപ്പാണ് പുറത്തുവന്നത്.
സംഭവത്തിൽ ഇടുക്കി ജോയിൻ്റ് രജിസ്ട്രാറുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുരിക്കാശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുൻ പ്രസിഡന്റ്, സെക്രട്ടറി, ബാങ്ക് ജീവനക്കാർ എന്നിവരടക്കം 13 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
2020 മുതൽ 2026 ജനുവരി വരെയുള്ള കാലയളവിലാണ് ബാങ്കിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നത്. ബാങ്കിന്റെ ഭരണസമിതിയിലെ 11 അംഗങ്ങളിൽ ഒൻപതുപേരും സിപിഎം പ്രതിനിധികളാണ്.
വ്യാജ വായ്പകൾ സൃഷ്ടിച്ചും, എസ്എച്ച്ജി (SHG), ജെഎൽജി (JLG) ഗ്രൂപ്പുകൾ രൂപീകരിച്ചും അംഗങ്ങളുടെയും ബന്ധുക്കളുടെയും പേരിലാണ് വൻതോതിൽ തുക തട്ടിയെടുത്തത്. നൂറുകണക്കിന് അംഗങ്ങളുടെ പേരിൽ ഓരോരുത്തർക്കും 50,000 രൂപ വീതം വായ്പ അനുവദിച്ച് തുക വെട്ടിപ്പിലൂടെ പിൻവലിക്കുകയായിരുന്നു.
ക്രമക്കേടുകൾ പുറത്തായതോടെ ബാങ്കിൽ നിന്നും 236 വായ്പ അപേക്ഷകൾ കാണാതായി. സെക്രട്ടറിയും ഭരണസമിതി അംഗങ്ങളും ഉൾപ്പെടെയുള്ള സംഘം നടത്തിയ ഈ തട്ടിപ്പിൽ സെക്രട്ടറി സുനിത കുമാരി 3 കോടി 17 ലക്ഷം രൂപയും, മുൻ പ്രസിഡന്റ് ഷൈൻ തോമസ് 82 ലക്ഷം രൂപയും തിരിച്ചടയ്ക്കേണ്ടതുണ്ട്.
ബാങ്ക് നിയമങ്ങൾ ലംഘിച്ച് സെക്രട്ടറിയും ജീവനക്കാരും വായ്പകൾ കൈപ്പറ്റുകയും, അഡ്വാൻസായി എടുത്ത തുകകൾ തിരിച്ചടക്കാതിരിക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥിരം ജീവനക്കാരായ മൂന്നുപേരെ സസ്പെൻഡ് ചെയ്തു.
നിലവിൽ ബാങ്കിന് കേരള ബാങ്കിന് 20 കോടി രൂപയും നിക്ഷേപകർക്ക് 10 കോടി രൂപയും നൽകാനുള്ള ബാധ്യതയുണ്ട്. എന്നാൽ തിരിച്ചു ലഭിക്കാനുള്ളത് വെറും 13 കോടി രൂപ മാത്രമാണെന്നത് പ്രതിസന്ധിയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു.
സഹകരണ വകുപ്പ് സംഭവത്തിൽ കൂടുതൽ സമഗ്രമായ അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

