കുവൈറ്റിലെ അൽ-മുത്ല റെസിഡൻഷ്യൽ സിറ്റി പദ്ധതിയുടെ ഭാഗമായി ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട ഈജിപ്ഷ്യൻ സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കുവൈറ്റ് അപ്പീൽ കോടതിയുടെ സുപ്രധാന ഉത്തരവ്.
മരിച്ച തൊഴിലാളിയുടെ ആശ്രിതർക്ക് ബ്ലഡ് മണിയും (ദിയ) 50,000 കുവൈറ്റ് ദിനാർ നഷ്ടപരിഹാരവും നൽകണമെന്നാണ് നിർമ്മാണ കമ്പനിയോടും ഇൻഷുറൻസ് കമ്പനിയോടും കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കീഴ്ക്കോടതി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്തുകൊണ്ട് കമ്പനികൾ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് അപ്പീൽ കോടതി ഉത്തരവ് ശരിവെച്ചത്.
മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ജാസിം അൽ-തുവൈതാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അപകടത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം നിർമ്മാണ കമ്പനിക്കാണെന്ന് കണ്ടെത്തിയതിനെ തുടർന്ന്, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം സിവിൽ കോടതിയെ സമീപിക്കുകയായിരുന്നു.
അൽ-മുത്ല പ്രോജക്റ്റിലെ സബ്സ്റ്റേഷനിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന വേളയിലാണ് ഈജിപ്ഷ്യൻ തൊഴിലാളിക്ക് വൈദ്യുതാഘാതമേറ്റതും ദാരുണമായ മരണം സംഭവിക്കുന്നതും. തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളോ മതിയായ മുൻകരുതലുകളോ ഒരുക്കുന്നതിൽ നിർമ്മാണ കമ്പനി പരാജയപ്പെട്ടതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
ഈ ഗുരുതരമായ അനാസ്ഥയുടെ അടിസ്ഥാനത്തിൽ കമ്പനിക്കെതിരെ നേരത്തെ നരഹത്യ കുറ്റം ചുമത്തുകയും ക്രിമിനൽ കോടതി അത് ശരിവെക്കുകയും ചെയ്തിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കമ്പനി വരുത്തിയ വീഴ്ചയാണ് തൊഴിലാളിയുടെ ജീവൻ അപഹരിക്കാൻ ഇടയാക്കിയതെന്ന് കോടതി നിരീക്ഷിച്ചു.
ഈ കണ്ടെത്തലുകൾ മുൻനിർത്തിയാണ് ഇൻഷുറൻസ് കമ്പനിയുൾപ്പെടെയുള്ളവർ നഷ്ടപരിഹാരത്തുക നൽകണമെന്ന് കോടതി കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

