ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ, ടെലിഗ്രാം പ്ലാറ്റ്ഫോമിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണങ്ങൾക്കെതിരായ ഹർജിയിൽ ഡൽഹി ഹൈക്കോടതി നാളെ വിധി പറയും. രാവിലെ 10:30-നാണ് കോടതി വിധി പ്രസ്താവിക്കുക.
പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ ടെലിഗ്രാമിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. സൈബർ സുരക്ഷയ്ക്ക് ടെലിഗ്രാം വലിയൊരു വെല്ലുവിളിയാണെന്നും, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും തീവ്രവാദ പ്രവർത്തനങ്ങൾക്കും ഈ പ്ലാറ്റ്ഫോം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി.
പ്ലാറ്റ്ഫോമിലെ സുരക്ഷാ സംവിധാനങ്ങൾ അപര്യാപ്തമാണെന്നും സർക്കാരിന്റെ പക്ഷം കോടതിയെ അറിയിച്ചു. എന്നാൽ, തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ പ്രചരിച്ച ചോദ്യപേപ്പറുകൾ വ്യാജമാണെന്നാണ് ടെലിഗ്രാമിന്റെ വാദം.
കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ ടെലിഗ്രാം നൽകിയ ഹർജിയിൽ കോടതി ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ടശേഷമാണ് വിധി പറയാനായി മാറ്റിവെച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

