തൃശൂർ ജില്ലയിലെ മലക്കപ്പാറ ഗവ. യുപി സ്കൂൾ സാക്ഷ്യം വഹിച്ചത് അത്യപൂർവമായൊരു പ്രവേശനോത്സവത്തിനാണ്.
പുത്തനുടുപ്പോ ബാഗുകളോ പാദരക്ഷകളോ ഇല്ലാതെ, കാടിന്റെ നിശബ്ദതയിൽ നിന്ന് അറിവിന്റെ ലോകത്തേക്കുള്ള ദൂരം താണ്ടിയെത്തിയത് അഞ്ച് കുരുന്നുകളാണ്. അരയക്കാപ്പ് ആദിവാസി ഉന്നതിയിലെ ദിലീപ് – സുനിത ദമ്പതികളുടെ മകൾ സുധയുടെ നേതൃത്വത്തിലാണ് സംഘം വിദ്യാലയത്തിലെത്തിയത്.
ബന്ധുക്കളായ നിമില, അജിത്ത്, പവിത്ര, വാവുത്രൻ എന്നിവരും സുധയ്ക്കൊപ്പമുണ്ടായിരുന്നു. രക്ഷിതാക്കളുടെ സഹായമില്ലാതെ, സ്കൂൾ എവിടെയാണെന്ന് അന്വേഷിച്ചറിഞ്ഞ് മൂന്നര കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ് ഇവർ സ്കൂൾ കവാടത്തിലെത്തിയത്.
മാതാപിതാക്കൾ ജോലിക്ക് പോയ സാഹചര്യത്തിൽ തനിയെ പഠിക്കാൻ എത്തിയതാണെന്നായിരുന്നു ഇവരുടെ മറുപടി. ഗോത്രഭാഷ മാത്രം അറിയാവുന്ന കുട്ടികൾക്കായി വിവരങ്ങൾ പരിഭാഷപ്പെടുത്തിയത് സുധയായിരുന്നു.
വഴിയിൽ വെച്ച് കുട്ടികളെ കണ്ടെത്തിയ തോട്ടം തൊഴിലാളിയായ ഷാലിയാണ് ഇവർക്ക് സ്കൂളിലേക്കുള്ള വഴി കാണിച്ചുകൊടുത്തത്. സംഭവം അറിഞ്ഞയുടൻ പ്രധാന അധ്യാപിക ബ്യൂല എലിസബത്ത് കുട്ടികളെ വാത്സല്യത്തോടെ സ്വീകരിച്ചു.
മണ്ണിടിച്ചിൽ ഭീഷണി നേരിട്ടതിനെത്തുടർന്ന് മാരാംകോട് പുനരധിവസിപ്പിച്ചവരായിരുന്നു ഈ കുടുംബങ്ങൾ. എന്നാൽ, പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കഴിയാതെ രക്ഷിതാക്കൾ മലക്കപ്പാറ വനമേഖലയിലേക്ക് തിരികെ പോയതോടെയാണ് ഇവരുടെ വിദ്യാഭ്യാസം മുടങ്ങിയത്.
മലക്കപ്പാറ വനാതിർത്തിയിലെ തേയിലത്തോട്ടത്തിന് സമീപമുള്ള കുടിലുകളിലാണ് ഇപ്പോൾ ഈ കുടുംബങ്ങൾ താമസിക്കുന്നത്. കുട്ടികൾ തനിച്ച് സ്കൂളിൽ എത്തിയ വിവരം അധ്യാപകർ പോലീസിനെ അറിയിച്ചിട്ടുണ്ട്.
തുടർന്ന് സ്കൂൾ അധികൃതർ ഇവരുടെ വീടുകളിൽ നേരിട്ടെത്തി പ്രവേശനത്തിനാവശ്യമായ രേഖകൾ ശേഖരിക്കുകയും നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

