കേരള കാർഷിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർ ബി.അശോക് സ്ഥാനത്തുനിന്ന് മാറുമെന്ന സൂചനകൾ ശക്തമാകുന്നു. അദ്ദേഹത്തെ നീക്കം ചെയ്ത് പകരം ബിജെപി അനുഭാവിയായ ഒരു അധ്യാപകനെ നിയമിക്കാനാണ് ലോക്ഭവൻ തലത്തിൽ നീക്കങ്ങൾ നടക്കുന്നത്.
സർവകലാശാലയിൽ അടുത്തിടെ പ്രവർത്തനമാരംഭിച്ച ബിജെപി അനുകൂല അധ്യാപക സംഘടനയിൽ അംഗമായ പ്രഫസറെ വി.സി സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് തിരക്കിട്ട ചർച്ചകൾ നടക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങൾ ഗവർണർ പരിശോധിച്ച് വരികയാണ്.
ബിജെപി അധ്യാപക സംഘടനാ ഭാരവാഹിയായ ഡോ. ഡി.മാവൂത്തിനെ എംജി സർവകലാശാലയിൽ താൽക്കാലിക വി.സിയായി നേരത്തെ ഗവർണർ നിയമിച്ചിരുന്നു.
എന്നാൽ കാർഷിക സർവകലാശാലയുടെ കാര്യത്തിൽ നടപടിക്രമങ്ങൾ വ്യത്യസ്തമാണ്. ചാൻസലർ കൂടിയായ ഗവർണർക്ക് എംജി സർവകലാശാലയിൽ വി.സിയെ നിയമിക്കാൻ സ്വന്തം നിലയിൽ അധികാരമുണ്ടെങ്കിൽ, കാർഷിക സർവകലാശാലാ നിയമപ്രകാരം വി.സിയെ നിയമിക്കുന്നതിന് മുൻപ് സർക്കാരുമായി കൂടിയാലോചന നടത്തേണ്ടതുണ്ട്.
ഇതിന്റെ ഭാഗമായി കൃഷി മന്ത്രിയുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ ചർച്ചകൾ നടത്തിയേക്കും. നിലവിൽ വി.സിയായ ബി.അശോക് എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ചുമതലയേറ്റത്.
എന്നാൽ യുജിസി ചട്ടപ്രകാരം വി.സിയാകാൻ നിശ്ചിത അധ്യാപന പരിചയം ആവശ്യമാണെന്നും, അശോകിന് അതില്ലെന്നും മുൻപ് ആരോപണങ്ങൾ ഉയർന്നിരുന്നു. അന്ന് ഈ വിഷയത്തിൽ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൃഷി മന്ത്രി പി.പ്രസാദ് നേരിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
യുജിസി ചട്ടം ലംഘിച്ച് നിയമനം നടത്തിയാൽ അത് നിയമക്കുരുക്കിൽ കലാശിക്കുമെന്ന ആശങ്കയെത്തുടർന്ന്, അന്ന് നിയമനാധികാരം ഗവർണർ സർക്കാരിന് വിട്ടുനൽകുകയായിരുന്നു. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ പദവിയിൽ മാറ്റങ്ങൾ കൊണ്ടുവരാനാണ് അധികൃതരുടെ നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

