സൗത്ത് സുഡാനിൽ നിന്ന് അടുത്തിടെ കേരളത്തിലെത്തിയ 52 വയസ്സുകാരിയെ എബോള ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയെത്തുടർന്ന് ചികിത്സ തേടി ഇന്നലെ പാലായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിയതായിരുന്നു ഇവർ.
പരിശോധനയ്ക്കിടെ എബോള ബാധ സംശയിക്കപ്പെട്ട സാഹചര്യത്തിൽ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഉടൻ ഇടപെടുകയും രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു.
നിലവിൽ രോഗി ആശുപത്രിയിലെ പ്രത്യേക ഐസലേഷൻ വാർഡിൽ കർശന നിരീക്ഷണത്തിലാണ്. ഇവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിനായി പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
എബോള ബാധിച്ചവരിൽ സാധാരണയായി കാണപ്പെടുന്ന മറ്റ് രോഗലക്ഷണങ്ങൾ ഇവരിൽ നിലവിൽ പ്രകടമല്ലെന്നും, പനിയിൽ നേരിയ വ്യത്യാസം മാത്രമാണുള്ളതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രോഗനിർണയത്തിനായി ഇവരുടെ സാംപിളുകൾ തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ട്.
പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ അസുഖം എബോള തന്നെയാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ. രോഗിയുടെ തുടർചികിത്സയും തുടർനടപടികളും ആസൂത്രണം ചെയ്യുന്നതിനായി ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

