കൊല്ലം കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണ പദ്ധതി അടിയന്തരമായി പൂർത്തിയാക്കാൻ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിൽ ധാരണയായി. ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ, തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപടികൾ വേഗത്തിലാക്കാൻ തീരുമാനമെടുത്തത്.
പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി വെള്ളിയാഴ്ച വൈകിട്ട് 4.30ന് കൊല്ലത്ത് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ തുടർയോഗം ചേരുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ അപകടാവസ്ഥയിലുള്ള കെട്ടിടം യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി എത്രയും വേഗം പൊളിച്ചുമാറ്റി താൽക്കാലിക സൗകര്യങ്ങൾ ഒരുക്കണമെന്ന് മന്ത്രി നിർദേശിച്ചു.
നേരത്തെ തയ്യാറാക്കിയ പ്ലാനിലുണ്ടായിരുന്ന പോരായ്മകൾ പരിഹരിച്ച് പുതിയ രൂപരേഖ തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പ് ചീഫ് ആർക്കിടെക്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവിലെ ഗാരേജ് പ്രവർത്തിക്കുന്ന സ്ഥലത്ത് തന്നെ പുതിയ ബസ് ടെർമിനൽ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഗാരേജ് മറ്റ് സ്ഥലത്തേക്ക് മാറ്റുന്നത് സംബന്ധിച്ച സാധ്യതകൾ പരിശോധിക്കാൻ ഗതാഗത മന്ത്രി കെഎസ്ആർടിസി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പദ്ധതിക്കായി 15 കോടി രൂപയാണ് നിലവിൽ വകയിരുത്തിയിട്ടുള്ളത്.
പദ്ധതി പ്രദേശം അടിയന്തരമായി സന്ദർശിക്കാൻ കെഎസ്ആർടിസി എംഡിയോട് മന്ത്രി ആവശ്യപ്പെട്ടു. യോഗത്തിൽ കെഎസ്ആർടിസി എംഡി പ്രമോജ് ശങ്കർ, പൊതുമരാമത്ത്, ഗതാഗത വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

