കേരളത്തിലെ നിലവിലെ സാമൂഹിക സാഹചര്യങ്ങളെയും രാഷ്ട്രീയ യാഥാർഥ്യങ്ങളെയും സംബന്ധിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങളുടെ പേരിൽ അദ്ദേഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് ജില്ലയിലെ വിവിധ യൂണിയൻ ഭാരവാഹികൾ വ്യക്തമാക്കി. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ കക്ഷികൾ തുടരുന്ന ന്യൂനപക്ഷ പ്രീണന നയങ്ങളെയും മുസ്ലിം ലീഗിന്റെ വർഗീയ നിലപാടുകളെയും വിമർശിക്കുന്നവരെ വർഗീയവാദികളായി ചിത്രീകരിക്കുന്ന പ്രവണതയ്ക്കെതിരെ യൂണിയൻ നേതൃത്വം പ്രതിഷേധം രേഖപ്പെടുത്തി.
ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും പാർശ്വവൽക്കരിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങൾക്കെതിരെയാണ് അദ്ദേഹം ശബ്ദമുയർത്തിയതെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തം വെള്ളാപ്പള്ളി നടേശന്റെ തലയിൽ കെട്ടിവെക്കാൻ എൽഡിഎഫ് നേതാക്കളിൽ ചിലർ നടത്തുന്ന ശ്രമങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇവർ ആരോപിച്ചു.
ജില്ലയിലെ എട്ട് താലൂക്ക് യൂണിയനുകളിലെയും ഭാരവാഹികളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ്, അദ്ദേഹത്തിനെതിരെ ഉയരുന്ന ഏത് നീക്കങ്ങളെയും അതേ നാണയത്തിൽ നേരിടുമെന്ന് പ്രഖ്യാപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

