ഹൂസ്റ്റണ്: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ വമ്പൻമാരായ പോർച്ചുഗലിന് അപ്രതീക്ഷിത തിരിച്ചടി. താരതമ്യേന ദുർബലരായ കോംഗോയുമായി നടന്ന മത്സരത്തിൽ പോർച്ചുഗലിന് 1-1 എന്ന സ്കോറിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ഉൾപ്പെടെയുള്ളവർക്ക് മത്സരത്തിൽ കാര്യമായ ചലനങ്ങളുണ്ടാക്കാൻ സാധിച്ചില്ല. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആധിപത്യം സ്ഥാപിച്ച പോർച്ചുഗൽ ആറാം മിനിറ്റിൽ ജാവോ നെവസിലൂടെ ലീഡ് നേടി.
പെഡ്രോ നെറ്റോ നൽകിയ ക്രോസിൽ നിന്നായിരുന്നു ഈ ഗോൾ. എന്നാൽ, ഈ മുൻതൂക്കം നിലനിർത്താൻ പോർച്ചുഗീസ് നിരയ്ക്കായില്ല.
ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് (45+5 മിനിറ്റ്) ആർതർ മസുവാക്കു നൽകിയ പന്തിൽ നിന്ന് യോവാനെ വിസ്സ ഹെഡ്ഡറിലൂടെ കോംഗോയ്ക്കായി സമനില ഗോൾ കണ്ടെത്തി. ബെർണാഡോ സിൽവയുടെ പ്രകടനം ആരാധകർക്ക് വലിയ നിരാശയാണ് നൽകിയത്.
മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് റയൽ മാഡ്രിഡിലേക്കുള്ള കൂടുമാറ്റത്തിന് പിന്നാലെ കളത്തിലിറങ്ങിയ താരം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നില്ല. മത്സരത്തിന്റെ 13-ാം മിനിറ്റിൽ തന്നെ മഞ്ഞക്കാർഡ് വഴങ്ങിയ സിൽവയെ, മോശം ഫോമിനെത്തുടർന്ന് പരിശീലകൻ റോബർട്ടോ മാർട്ടിനസ് രണ്ടാം പകുതിക്ക് മുൻപായി പിൻവലിച്ചു.
രണ്ടാം പകുതിയിൽ പോർച്ചുഗൽ വിജയത്തിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ജോവോ കാൻസെലോ നേടിയ ഒരു ഗോൾ ഓഫ്സൈഡ് ആയതിനെത്തുടർന്ന് റഫറി നിഷേധിച്ചത് പോർച്ചുഗലിന് വലിയ തിരിച്ചടിയായി.
പകരക്കാരനായി ഇറങ്ങിയ ഫ്രാൻസിസ്കോ കോൺസീസാവോ ചില മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ക്യാപ്റ്റൻ റൊണാൾഡോയ്ക്ക് അവ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. ഗ്രൂപ്പ് കെയിലെ ഈ സമനില പോർച്ചുഗലിന്റെ ലോകകപ്പ് മുന്നേറ്റത്തിന് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

