ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിലെ പ്രതികളായ അഞ്ച് പോലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയൻന്റെ ഗൺമാൻമാരായിരുന്ന അനിൽ കല്ലിയൂർ, സന്ദീപ് എന്നിവരുൾപ്പെടെയുള്ള അഞ്ച് ഉദ്യോഗസ്ഥർക്കാണ് നേരത്തെ ജാമ്യം അനുവദിച്ചിരുന്നത്.
ജഡ്ജി ഹണി എം വർഗീസ് അധ്യക്ഷനായ ബെഞ്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. മർദ്ദനത്തിന് ഉപയോഗിച്ച ലാത്തി ഉൾപ്പെടെയുള്ളവ കണ്ടെടുത്തു എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നടപടി.
എന്നാൽ, അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ വ്യത്യസ്തമാണ്. കേസിൽ മർദ്ദനത്തിന് ഉപയോഗിച്ച ലാത്തി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് എസ്ഐടി ചൂണ്ടിക്കാട്ടുന്നു.
അന്വേഷണം നിർണ്ണായക ഘട്ടത്തിൽ നിൽക്കെ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. അപ്രസക്തമായ കാര്യങ്ങൾ കണക്കിലെടുത്താണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതെന്നും, ഇത് മൊത്തത്തിലുള്ള അന്വേഷണ പ്രക്രിയയ്ക്ക് തിരിച്ചടിയാണെന്നും സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നു.
യൂത്ത് കോൺഗ്രസ് നേതാവ് എഡി തോമസ് അടക്കമുള്ളവർക്ക് നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ടാണ് നിയമനടപടികൾ പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

