ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉപ്പളയിൽ നിർമിച്ച ഫ്ലൈഓവറിന് താഴെയുള്ള സ്ഥലം ശാസ്ത്രീയമായി നവീകരിച്ച് പാർക്കിങ് ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തണമെന്ന് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം ശക്തമാകുന്നു. കാസർകോട് ടൗണിൽ ഫ്ലൈഓവറിന് താഴെ ഇന്റർലോക്ക് ടൈലുകൾ പാകി പാർക്കിങ് സംവിധാനം ഒരുക്കിയത് പോലെ ഉപ്പളയിലും പദ്ധതി നടപ്പാക്കണമെന്നാണ് പ്രധാന ആവശ്യം.
ഉപ്പള ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഫ്ലൈഓവറിന് താഴെയുള്ള ഈ വിശാലമായ സ്ഥലം വിനിയോഗിക്കുന്നത് വലിയ പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. ഇരുവശങ്ങളിൽ നിന്നുമുള്ള വാഹനങ്ങൾക്ക് സുഗമമായി പ്രവേശിക്കാൻ സാധിക്കുന്ന രീതിയിലുള്ള റോഡ് സൗകര്യം നിലവിലുണ്ട്.
ഇവിടെ ഇന്റർലോക്ക് ടൈലുകൾ പാകുകയും പാർക്കിങ് സ്ലോട്ടുകൾ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്താൽ നൂറുകണക്കിന് വാഹനങ്ങൾക്ക് സുരക്ഷിതമായി പാർക്ക് ചെയ്യാൻ സാധിക്കും. നിലവിൽ ഈ പ്രദേശം നവീകരിക്കാത്തത് പൊടിശല്യത്തിനും മഴക്കാലത്ത് വെള്ളക്കെട്ടും ചെളിയും രൂപപ്പെടാനും കാരണമാകുന്നു.
റോഡരികിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് തടയാനും ഈ പദ്ധതി സഹായിക്കും. നിലവിൽ താൽക്കാലിക ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് പഞ്ചായത്ത് പാർക്കിങ് സൗകര്യം അനുവദിച്ചിട്ടുണ്ടെങ്കിലും, ഈ സ്ഥലം കൂടുതൽ ആധുനിക രീതിയിൽ ക്രമീകരിക്കണമെന്നാണ് ആവശ്യം.
ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

