തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി തലസ്ഥാന നഗരം ഒരുങ്ങി. ചടങ്ങിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ തിരുവനന്തപുരത്തെത്തി.
തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും കെ സി വേണുഗോപാലും ചേർന്ന് നേതാക്കളെ സ്വീകരിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി കെ ശിവകുമാർ, രേവന്ത് റെഡ്ഡി തുടങ്ങിയ പ്രമുഖരും തലസ്ഥാനത്തെത്തിയിട്ടുണ്ട്.
രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. നഗരത്തിൽ അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
പതിനായിരക്കണക്കിന് പ്രവർത്തകരും പൊതുജനങ്ങളുമാണ് ചടങ്ങിന് സാക്ഷിയാകാൻ തലസ്ഥാനത്തേക്ക് എത്തിച്ചേരുന്നത്. സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിൽ അസാധാരണമായ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
വിവിഐപി നിരയിലും ഇരിപ്പിടങ്ങൾ തിങ്ങിനിറഞ്ഞ അവസ്ഥയാണ്. എംഎൽഎമാർക്കും മുതിർന്ന നേതാക്കൾക്ക് പോലും കൃത്യമായ ഇരിപ്പിടങ്ങൾ ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്.
മുൻനിരയിലെ തിരക്ക് നിയന്ത്രിക്കാൻ പോലീസിന് വലിയ തോതിൽ ഇടപെടേണ്ടി വരുന്നു. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് പുറമെ 21 അംഗ മന്ത്രിസഭയിലെ മറ്റ് അംഗങ്ങളായ പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി പി ജോൺ, അനൂപ് ജേക്കബ്, എ പി അനിൽകുമാർ, ബിന്ദു കൃഷ്ണ, പി സി വിഷ്ണുനാഥ്, എം ലിജു, ടി സിദ്ദിഖ്, റോജി എം ജോൺ, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ ബഷീർ, എൻ ഷംസുദ്ദീൻ, കെ എം ഷാജി, വി ഇ അബ്ദുൾ ഗഫൂർ എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

