പൊതുവിതരണ സംവിധാനം, ഭക്ഷ്യധാന്യ വിതരണം, നെല്ല് സംഭരണം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ആന്ധ്രപ്രദേശ് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി നാദെന്ദല മനോഹറുമായി നിർണായക ചർച്ച നടത്തി. രാജ്യത്തെ ഏറ്റവും മികച്ച മാതൃകകൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനും അവ കേരളത്തിൽ നടപ്പിലാക്കുന്നതിനുമായാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം വിജയവാഡയിൽ സന്ദർശനം നടത്തിയത്.
വിജയവാഡയിലെത്തിയ മന്ത്രിയും സംഘവും കർഷക സേവാകേന്ദ്രവും അരിമില്ലുകളും നേരിട്ട് സന്ദർശിച്ചു. നെല്ല് സംഭരണവും വിതരണവും നടത്തുന്ന രീതികൾ, കർഷകർക്കുള്ള തുക വിതരണം ചെയ്യൽ, നെല്ലിന്റെ ഗുണമേന്മ പരിശോധിക്കുന്ന വിധം, മില്ലുകളുടെ പ്രവർത്തന ശൈലി, ബില്ലിങ് സമ്പ്രദായം തുടങ്ങിയ വിവിധ വിഷയങ്ങൾ ഇരുമന്ത്രിമാരും തമ്മിലുള്ള ചർച്ചയിൽ ഇടംപിടിച്ചു.
ആന്ധ്രയിലെ നെല്ല് സംഭരണ-സംസ്കരണ സംവിധാനങ്ങൾ, സംഭരണശാലകളുടെ പ്രവർത്തനം, ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവയും സംഘം സൂക്ഷ്മമായി വിലയിരുത്തി. സംസ്കരണ രീതികളും ഗുണനിലവാര നിയന്ത്രണ സംവിധാനങ്ങളും നേരിട്ട് മനസ്സിലാക്കുന്നതിനായി കാക്കിനാടയിലെ അരിമില്ലുകളും വയലുകളും സംഘം സന്ദർശിച്ചു.
ഇത്തരം സംവിധാനങ്ങൾ കേരളത്തിലും മാതൃകാപരമായി നടപ്പിലാക്കാൻ സാധിക്കുമോയെന്നാണ് സർക്കാർ പരിശോധിക്കുന്നത്. സപ്ലൈകോയുടെ നേതൃത്വത്തിൽ സ്വന്തമായി അരിമില്ലുകൾ സ്ഥാപിക്കുന്നതും സർക്കാരിന്റെ സജീവ പരിഗണനയിലുണ്ട്.
നിലവിലുള്ള നിരക്കുകൾ പരിശോധിച്ചാൽ, ആന്ധ്രയിൽ കർഷകന് ഒരു കിലോ നെല്ലിന് 24 രൂപ നൽകുമ്പോൾ, കേരളത്തിൽ 30.12 രൂപയും അതോടൊപ്പം സംസ്ഥാന പ്രോത്സാഹന ബോണസുമാണ് നൽകുന്നത്. ആന്ധ്രപ്രദേശിലാകട്ടെ കേന്ദ്ര ബോണസ് മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്.
സന്ദർശന വേളയിൽ ലഭിച്ച മികച്ച ആശയങ്ങൾ ക്രോഡീകരിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ സപ്ലൈകോ എംഡിയോടു മന്ത്രി അനൂപ് ജേക്കബ് നിർദ്ദേശം നൽകി. വിജയവാഡയിൽ നടന്ന ഈ ഉന്നതതല ചർച്ചയിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് കമ്മിഷണർ കെ.കന്നബാബു, സിവിൽ സപ്ലൈസ് കോർപറേഷൻ ചെയർമാൻ ടി.സുധീർ, ഡയറക്ടർ അജയ് നാപുർ, കേരള സപ്ലൈകോ എം.ഡി.
എം.വി.ജയകൃഷ്ണൻ, എ.ജി.എം. (മാർക്കറ്റിങ്) എം.ആർ.ദീപു തുടങ്ങിയ പ്രമുഖ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

