ഹരിയാനയിലെ ഫരീദാബാദിൽ ആശുപത്രി അധികൃതരുടെ ഗുരുതരമായ അനാസ്ഥയെ തുടർന്ന് യുവതിക്ക് നേരിടേണ്ടി വന്നത് ദുരനുഭവം. ഫരീദാബാദ് സെക്ടർ 3-ലെ ഫസ്റ്റ് റഫറൽ യൂണിറ്റ് ആശുപത്രിയിലാണ് സംഭവം നടന്നത്.
ബാഡോലി ഗ്രാമവാസിയായ ബാലേഷ് എന്ന യുവതിയാണ് ആശുപത്രി പരിസരത്ത് വെച്ച് കുഞ്ഞിന് ജന്മം നൽകിയത്. പ്രസവവേദനയെ തുടർന്ന് പുലർച്ചെ 1.40ഓടെയാണ് ബന്ധുക്കൾ യുവതിയെ ആശുപത്രിയിലെത്തിച്ചത്.
എന്നാൽ, ആശുപത്രിയുടെ പ്രധാന ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. അടിയന്തര സാഹചര്യത്തിലും ഡ്യൂട്ടി ഡോക്ടർമാരോ മറ്റ് മെഡിക്കൽ ജീവനക്കാരോ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു.
ഗേറ്റിൽ പലതവണ മുട്ടിയിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടർന്ന് ബന്ധുക്കൾ പിന്നിലെ മറ്റൊരു ഗേറ്റിലൂടെ ആശുപത്രി വളപ്പിൽ പ്രവേശിച്ചു. എന്നിട്ടും സമയത്തിന് സഹായം ലഭ്യമായില്ല.
അവസാന നിമിഷം യുവതിയുടെ നില വഷളായതോടെ, പ്രസവമെടുത്ത പരിചയമുള്ള ബന്ധുവിന്റെ സഹായത്തോടെ ആശുപത്രി പാർക്കിംഗ് ഏരിയയിൽ വെച്ച് പ്രസവം നടക്കുകയായിരുന്നു. മൊബൈൽ ഫോണിലെ ടോർച്ച് വെളിച്ചത്തിലാണ് പ്രസവം പൂർത്തിയാക്കിയത്.
സംഭവത്തിന് ശേഷം അമ്മയെയും നവജാതശിശുവിനെയും ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് മാറ്റുകയും ഇരുവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിക്കുകയും ചെയ്തു. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
രാത്രികാല ഡ്യൂട്ടിയിൽ സ്റ്റാഫ് നഴ്സും മറ്റൊരു ജീവനക്കാരനും സ്ഥലത്തില്ലാതിരുന്നതടക്കമുള്ള ഗുരുതരമായ വീഴ്ചകൾ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് ആശുപത്രി ജീവനക്കാരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

