സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരെയുള്ള കർശന നടപടികളുടെ ഭാഗമായി എറണാകുളം റൂറൽ ജില്ലയിൽ വ്യാപക റെയ്ഡ്. ഓപ്പറേഷൻ തൂഫാൻ എന്ന പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ രാസലഹരിയുമായി ആറുപേരെ പൊലീസ് പിടികൂടി.
ഇതിനുപുറമേ, ആൾതാമസമില്ലാത്ത വീട്ടുവളപ്പിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻന്റെ നേതൃത്വത്തിൽ ശനിയാഴ്ച പുലർച്ചെ ആരംഭിച്ച പരിശോധന രാത്രിയിലും തുടരുകയാണ്.
ചെങ്ങമനാട് മേഖലയിൽ നടത്തിയ പരിശോധനയിലാണ് രാസലഹരിയുമായി രണ്ടുപേർ പിടിയിലായത്. കരുമാലൂർ തടിക്കടവ് കൂട്ടുങ്ങപറമ്പിൽ വീട്ടിൽ ഇബ്രാഹിം (37), കരുമാലൂർ വല്യപ്പൻപടി മേപ്പന വീട്ടിൽ ബിനു ആന്റണി (37) എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പറമ്പയം ഭാഗത്ത് പാർക്ക് ചെയ്തിരുന്ന കാറിലിരിക്കുകയായിരുന്ന പ്രതികളുടെ പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലും സിപ്പ് കവറിലുമായാണ് വിൽപനയ്ക്കായി കൊണ്ടുവന്ന ലഹരിമരുന്ന് കണ്ടെത്തിയത്. ഞാറയ്ക്കൽ കാളമുക്ക് ഭാഗത്ത് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന യുവാവിൽ നിന്നും 3.450 ഗ്രാം എം ഡി എം എ പിടികൂടി.
നായരമ്പലം വെളിയത്താംപറമ്പ് തൂമ്പുങ്ങൽ വീട്ടിൽ അഥീൻ (25) ആണ് ഞാറക്കൽ പൊലീസിന്റെ പിടിയിലായത്. ഓട്ടോറിക്ഷയിൽ യാത്രക്കാരനായി വരുമ്പോൾ ബാഗിൽ രണ്ട് സിപ്പ് ലോക്ക് കവറിലായി ഒളിപ്പിച്ച നിലയിലായിരുന്നു രാസലഹരി ഉണ്ടായിരുന്നത്.
ബിനാനിപുരം എടയാറിൽ നിന്ന് മൂന്ന് ഗ്രാം എം ഡി എം എയുമായി രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. എടയാർ ചെന്നാമ്പിള്ളി മുഹമ്മദ് സാലിഖ് (34), എരമം കേളന്റെ പറമ്പിൽ അബ്ദുൽ മുഹാദ് (34) എന്നിവരാണ് ബിനാനിപുരം പൊലീസിന്റെ പിടിയിലായത്.
മുഹമ്മദ് സാലിക്കിന്റെ എടയാറുള്ള വീട്ടിലെ അലമാരിയിൽ പ്രത്യേക കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു രാസലഹരി കണ്ടെത്തിയത്. ഇയാൾക്ക് എം ഡി എം എ നൽകിയത് അബ്ദുൽ മുഹാദ് ആണെന്ന് പൊലീസ് വ്യക്തമാക്കി.
അസം നൗഗോൺ സ്വദേശി സദ്ദാം ഹുസൈൻ (25) നെ ഹെറോയിനുമായി കുറുപ്പുംപടി പൊലീസ് പിടികൂടി. മനയ്ക്കപ്പടി പുത്തൂരം കവലയിലുള്ള ഇയാൾ താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു സോപ്പുപെട്ടി നിറയെ ഹെറോയിൻ പിടിച്ചെടുക്കുകയായിരുന്നു.
ഇതിനുപുറമേ, പെരുമ്പാവൂരിൽ 4.5 ഗ്രാം കഞ്ചാവുമായി ഒരാളും പിടിയിലായിട്ടുണ്ട്. അയ്യമ്പുഴയിൽ പോസ്റ്റോഫീസ് ജംഗ്ഷൻ ഭാഗത്തെ ആൾതാമസമില്ലാത്ത വീട്ടുവളപ്പിൽ നിന്നും മൂന്ന് കഞ്ചാവ് ചെടികളും കണ്ടെത്തിയിട്ടുണ്ട്.
ഈ പരിശോധനകളുമായി ബന്ധപ്പെട്ട് നിരവധിപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. റൂറൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ വാഹന പരിശോധനകളും റെയ്ഡുകളും പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

