കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഐപിഎൽ മാതൃകയിൽ സംഘടിപ്പിക്കപ്പെടുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ.) ആറാം സീസണിലെ ആറാം മത്സരം വാശിയേറിയ പോരാട്ടത്തിനൊടുവിൽ സമാപിച്ചു. മൂവാറ്റുപുഴയാറിന്റെ നെട്ടായത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മേൽപ്പാടം ചുണ്ടൻ ആണ് വിജയം സ്വന്തമാക്കിയത്.
3.26.26 മിനിറ്റ് സമയമെടുത്താണ് ബോട്ട് ലക്ഷ്യസ്ഥാനം കണ്ടത്. ഈ സീസണിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ തുടർച്ചയായ നാലാം വിജയമാണിത്.
പിറവത്ത് നടന്ന മത്സരങ്ങൾ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പിറവം നഗരസഭാ ചെയർമാൻ കെ.ആർ.
പ്രദീപ് കുമാർ, വൈസ് ചെയർമാൻ അന്നമ ഡോമി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും സിബിഎൽ സാങ്കേതിക സമിതി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഹീറ്റ്സ് മത്സരങ്ങളിലെ മികച്ച സമയം കണക്കിലെടുത്താണ് ഫൈനൽ മത്സരം ക്രമീകരിച്ചത്. മേൽപ്പാടം ചുണ്ടന് പുറമെ അരോമ ബോട്ട് ക്ലബിന്റെ അരോമ ചുണ്ടൻ, യുബിസി കൈനകരി എഫ് സി തുഴഞ്ഞ വീയപുരം ചുണ്ടൻ എന്നിവയും ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടിയിരുന്നു.
കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന അഞ്ചാം മത്സരത്തിലെന്നപോലെ മത്സരത്തിന്റെ ആദ്യ പകുതിയിൽ യുബിസി കൈനകരി മികച്ച മുന്നേറ്റം കാഴ്ചവെച്ചു. പകുതി ദൂരം പിന്നിടുമ്പോൾ അരത്തുഴപ്പാടിന് മുന്നിലായിരുന്നു വീയപുരം.
എന്നാൽ, മത്സരത്തിന്റെ അവസാന ഘട്ടത്തിൽ അരോമയും മേൽപ്പാടവും അത്ഭുതകരമായ തിരിച്ചുവരവാണ് നടത്തിയത്. ഫിനിഷിംഗിന് അമ്പത് മീറ്റർ മുൻപ് വരെ അരോമ ചുണ്ടൻ നേരിയ മുൻതൂക്കം പുലർത്തിയിരുന്നു.
എങ്കിലും, പള്ളാത്തുരുത്തിയുടെ ചരിത്രപ്രസിദ്ധമായ അവസാന നിമിഷത്തെ തുഴച്ചിൽ വേഗത മത്സരത്തിന്റെ ഫലം മാറ്റിമറിച്ചു. കേവലം ആറ് മൈക്രോസെക്കന്റുകൾക്ക് മുന്നിലാണ് മേൽപ്പാടം ഫിനിഷ് ചെയ്തത്.
ഈ വർഷത്തെ നെഹ്റു ട്രോഫി ചാമ്പ്യന്മാരും സിബിഎൽ ആദ്യ രണ്ട് മത്സരങ്ങളിലെ വിജയികളുമായ അരോമയ്ക്ക് 3.26.32 മിനിറ്റ് സമയം കുറിച്ച് രണ്ടാം സ്ഥാനത്ത് തൃപ്തിപ്പെടേണ്ടി വന്നു. 3.28.08 മിനിറ്റ് എടുത്താണ് വീയപുരം മൂന്നാം സ്ഥാനത്ത് എത്തിയത്.
ഇതോടെ മൊത്തത്തിലുള്ള പോയിന്റ് നിലയിൽ 55 പോയിന്റോടെ മേൽപ്പാടം ചുണ്ടൻ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 54 പോയിന്റുള്ള അരോമ രണ്ടാമതും 47 പോയിന്റുള്ള വീയപുരം മൂന്നാം സ്ഥാനത്തുമാണ്.
വള്ളംകളിയോടൊപ്പം ഇരുട്ടുകുത്തി, വെപ്പ് വള്ളങ്ങളുടെ പ്രാദേശിക മത്സരങ്ങളും നടന്നു. മത്സരത്തിൽ പിറവത്തെ ഫിനിഷിംഗ് ക്രമം താഴെ പറയുന്നതാണ്:
മേൽപ്പാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്) – ഒന്ന്, അരോമ ചുണ്ടൻ (അരോമ ബോട്ട് ക്ലബ്ബ്, പരവൂർ, കൊല്ലം) – രണ്ട്, വീയപുരം ചുണ്ടൻ (യുബിസി കൈനകരി എഫ് സി) – മൂന്ന്, നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്ബ്, നിരണം) – നാല്, ചെറുതന ചുണ്ടൻ (എന്ബിസി നാട്ടകം ബോട്ട് ക്ലബ്ബ്) – അഞ്ച്, നടുഭാഗം ചുണ്ടൻ (പി.ബി.സി.
പുന്നമട എന്സിഎഫ് സി ബോട്ട് ക്ലബ്ബ്) – ആറ്, പുണ്യാളൻ നിരണം (കുമരകം ടൗൺ ബോട്ട് ക്ലബ്ബ്, കുമരകം) – ഏഴ്, ആർപ്പൂക്കര ചുണ്ടൻ (ഇമ്മാനുവൽ ബോട്ട് ക്ലബ്ബ്, കുമരകം) – എട്ട്, തലവടി ചുണ്ടൻ (വില്ലേജ് ബോട്ട് ക്ലബ്ബ്) – ഒമ്പത്.
ആകെ 11 മത്സരങ്ങളാണ് ഈ സീസണിൽ ഉള്ളത്. കോട്ടയം താഴത്തങ്ങാടിയിൽ ഒക്ടോബർ 24-നും, ആലപ്പുഴ പുളിക്കുന്നിൽ ഒക്ടോബർ 31-നും, കൈനകരിയിൽ നവംബർ 7-നും, കായംകുളത്ത് നവംബർ 14-നും ലീഗ് മത്സരങ്ങൾ നടക്കും.
നവംബർ 21-ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടെ ഈ വർഷത്തെ സിബിഎൽ മത്സരങ്ങൾക്ക് തിരശ്ശീല വീഴും. ഓരോ മത്സരവേദിയിലും വിജയികളാകുന്ന ഒന്നാം സ്ഥാനക്കാർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാമത് എത്തുന്നവർക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
ഇതിനു പുറമെ ഓരോ ടീമിനും ബോണസായി നാല് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മൊത്തത്തിലുള്ള ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടുന്ന ക്ലബിന് 25 ലക്ഷം രൂപയും, രണ്ടാം സ്ഥാനം നേടുന്നവർക്ക് 15 ലക്ഷം രൂപയും, മൂന്നാം സ്ഥാനം കരസ്ഥമാക്കുന്നവർക്ക് 10 ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

