ജാർഖണ്ഡിലെ ബൊക്കാറോ ജില്ലയിൽ ചോക്ലേറ്റ് ആവശ്യപ്പെട്ട കുഞ്ഞിന് അമ്മാവൻ തോക്ക് നൽകിയതിനെ തുടർന്ന് ഉണ്ടായ അബദ്ധത്തിൽ മൂന്ന് വയസ്സുകാരൻ ദാരുണമായി കൊല്ലപ്പെട്ടു.
കളിപ്പാട്ടമാണെന്ന് തെറ്റിദ്ധരിച്ച് കുട്ടി തോക്കുമായി കളിക്കുന്നതിനിടയിലാണ് ഈ അപൂർവ്വ ദുരന്തം സംഭവിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിലെത്തും മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ‘‘അമ്മാവൻ നൽകിയ തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്.
തോക്കിൽ നിന്ന് പെട്ടെന്ന് വെടിപൊട്ടുകയും കുട്ടിയുടെ ശരീരത്തിൽ വെടിയേൽക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതിയായ അമ്മാവൻ രാജേഷ് കുമാർ (21) മാരകായുധവുമായി ഒളിവിൽ പോയി’’ എന്ന് മാരഫാരി പൊലീസ് സ്റ്റേഷൻ ഓഫിസർ ഇൻ ചാർജ് സഞ്ജയ് കുമാർ അറിയിച്ചു.
കുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഔദ്യോഗികമായി കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഒളിവിൽ പോയ പ്രതിക്കായി വിവിധ മേഖലകളിൽ തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

