ഗ്രീക്ക് തീരത്തെ സാകിന്തോസ് ദ്വീപിന് സമീപത്തുനിന്നാണ് കപ്പലിൽ നിന്ന് കടലിൽ ചാടിയ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടത്. റോയൽ കരീബിയൻ നിരയിലെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ ‘ഒഡീസി ഓഫ് ദി സീസ്’ എന്ന കപ്പലിൽ നിന്നാണ് ഈ സംഭവം ഉണ്ടായത്.
1,138 അടിയിലേറെ നീളവും 169,000 ടണ്ണിലധികം ഭാരവുമുള്ളതാണ് ഈ കൂറ്റൻ കപ്പൽ. കപ്പലിൽ നിന്ന് ചാടിയ യുവതി ഏകദേശം 20 മണിക്കൂറോളമാണ് കടലിൽ നീന്തിയത്.
യുവതിയെ കാണാനില്ലെന്ന് കപ്പൽ ക്യാപ്റ്റൻ തന്നെയാണ് ഗ്രീക്ക് അധികൃതരെ അറിയിച്ചത്. യുവതി കടലിൽ വീണ് ഏകദേശം മൂന്ന് മണിക്കൂറിന് ശേഷമാണ് കോസ്റ്റ് ഗാർഡിന് വിവരം ലഭിച്ചതെന്ന് കോസ്റ്റ് ഗാർഡ് വക്താവ് തിയോഫാനിസ് ബലാത്സുകാസ് വ്യക്തമാക്കി.
ഏകദേശം 20 മണിക്കൂർ കടലിൽ നീന്തിയ യുവതിയെ ഹെല്ലെനിക് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ് രക്ഷപ്പെടുത്തിയത്. യുവതി ലൈഫ് ജാക്കറ്റിൽ പൊങ്ങിക്കിടക്കുന്നതും രക്ഷാപ്രവർത്തകർ കയറെറിഞ്ഞു രക്ഷിക്കുന്നതുമായ ദൃശ്യങ്ങൾ കോസ്റ്റ് ഗാർഡ് പുറത്തുവിട്ടിട്ടുണ്ട്.
രക്ഷപ്പെടുത്തിയ ശേഷം താൻ കപ്പലിൽ നിന്ന് താഴെയിറങ്ങാൻ ആഗ്രഹിച്ചതുകൊണ്ടാണ് ചാടിയതെന്ന് യുവതി പറഞ്ഞതായി മറ്റൊരു കോസ്റ്റ് ഗാർഡ് വക്താവായ ജോർജ് സാപ്രാസ് വെളിപ്പെടുത്തി. വൈദ്യപരിശോധനയ്ക്കൊപ്പം ഒരു ലോക്കൽ പ്രോസിക്യൂട്ടറുടെ ഉത്തരവിനെ തുടർന്ന് യുവതിക്ക് മാനസികാരോഗ്യ പരിശോധനയും നിർദ്ദേശിച്ചിട്ടുണ്ട്.
സംഭവത്തിൽ കതാക്കോലോ പോർട്ട് അതോറിറ്റി ഔദ്യോഗിക അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

