മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ‘തിരംഗ യാത്ര’യിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്നതിനിടയിൽ കസ്റ്റഡിയിലെടുത്ത കൊക്ക്റോച്ച് ജനത പാർട്ടി (സി ജെ പി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് ജാമ്യം ലഭിച്ചു. കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ കർശന ഉപാധികളോടെയാണ് ദില്ലി പൊലീസ് വിട്ടയച്ചത്.
ഒരു വർഷത്തേക്ക് പൊതു സമാധാനത്തെ ബാധിക്കുന്ന ഒരു പ്രവർത്തിയിലും ഇടപെടാൻ പാടില്ലെന്നുള്ള പീസ് ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. കസ്റ്റഡിയിലെടുത്ത് 24 മണിക്കൂർ പിന്നിട്ട
ശേഷമാണ് ദീപ്കെയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. കൊണാട്ട് പ്ലേസ് സെൻട്രൽ പാർക്കിലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്ന അദ്ദേഹത്തെ ജണ്ടേവാലയിലെ സുഹൃത്തിന്റെ വസതിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള പശ്ചാത്തലത്തിൽ തിരംഗ മാർച്ചിൽ പങ്കെടുക്കരുതെന്ന് കാണിച്ച് പൊലീസ് ഇദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞ പത്താം തീയതി ജന്തർ മന്തർ മാർച്ചിനായി ദില്ലിയിലെത്തിയ ദീപ്കെയും ഒപ്പമുണ്ടായിരുന്ന സി ജെ പി നേതാക്കളായ സൗരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവരെ വിമാനത്തിൽ വെച്ച് അറസ്റ്റ് ചെയ്തതിനാൽ അന്ന് പ്രതിഷേധത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
കർശന ഉപാധികളോടെയാണ് അന്ന് കോടതി ദീപ്കെ അടക്കമുള്ളവർക്ക് ജാമ്യം അനുവദിച്ചത്. ഇതിന്റെ തുടർച്ചയെന്നോണമാണ് പുതിയ സംഭവവികാസങ്ങൾ ഉണ്ടായത്.
അതേസമയം, ഇന്നലെ ദീപ്കെയ്ക്കൊപ്പം കസ്റ്റഡിയിലായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) പ്രസിഡന്റ് നേഹാ ബോറയെ ഇന്ന് രാവിലെ തന്നെ വിട്ടയച്ചിരുന്നു. പ്രതിഷേധങ്ങളും സംഘർഷങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങളാൽ രാജ്യതലസ്ഥാനം ഇന്നലെയും കലുഷിതമായിരുന്നു.
കൊക്ക്റോച്ച് ജനത പാർട്ടി (സി ജെ പി) പ്രഖ്യാപിച്ച ‘തിരംഗ യാത്ര’യും, ഇതിനൊപ്പം എസ് എഫ് ഐ, ഡി വൈ എഫ് ഐ, ഐസ, എ ഐ എസ് എഫ്, എ ഐ വൈ എഫ് തുടങ്ങിയ വിവിധ വിദ്യാർഥി സംഘടനകളും പൗരാവകാശ പ്രവർത്തകരും രംഗത്തിറങ്ങിയതോടെ ദില്ലി സംഘർഷഭൂമിയായി മാറി. ദീപ്കെയും നേഹയും കസ്റ്റഡിയിലായെങ്കിലും പൊലീസ് വിലക്ക് വകവെക്കാതെ കൊണാട്ട് പ്ലേസിലും സെൻട്രൽ പാർക്കിലും പ്രവർത്തകർ മിന്നൽ പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങി.
കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്ന സെൻട്രൽ പാർക്കിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടയുകയും പലരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സി ജെ പിയുടെ സമരത്തിന് പിന്തുണയുമായി ആം ആദ്മി പാർട്ടിയും ഇടത് സംഘടനകളും അണിനിരന്നതോടെ റോഡിൽ നൂറുകണക്കിന് ആളുകൾ ദേശീയ പതാകയുമായി കുത്തിയിരുന്ന് പ്രതിഷേധിച്ചു.
റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കാൻ പൊലീസ് ശ്രമിച്ചതാണ് ഒടുവിൽ വലിയ സംഘർഷത്തിലേക്ക് നയിച്ചത്. ഔദ്യോഗിക തടസ്സങ്ങളും കസ്റ്റഡി നടപടികളും മറികടന്ന് വൻ പ്രതിഷേധ പ്രകടനങ്ങളാണ് നഗരമധ്യത്തിൽ അരങ്ങേറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

